അഗളി: രണ്ട് പതിറ്റാണ്ടായി പട്ടയമുണ്ടായിട്ടും നികുതി അടക്കാൻ കഴിയാതെ നരകിച്ചിരുന്ന അട്ടപ്പാടിയിലെ ചോലക്കാട് ഗ്രാമവാസികളുടെ പ്രശ്നത്തിൽ ഒടുവിൽ മന്ത്രി ഇടപെട്ടു. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ മുക്കാലി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കീഴ്ഘടകത്തിെൻറ നിരന്തര സമ്മർദം സി.പി.ഐക്ക് അസ്വസ്ഥതയായ സന്ദർഭത്തിലാണ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ തിങ്കളാഴ്ച പ്രശ്നത്തിൽ ഇടപെട്ടത്. അട്ടപ്പാടിയിലെ സി.പി.ഐ ഓഫിസിൽ വെച്ചാണ് മന്ത്രി പരാതിക്കാരെ കണ്ടത്.
അട്ടപ്പാടിയിൽ പട്ടയമേളക്കെത്തിയ മന്ത്രി ചോലക്കാട്ടെ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ വേണ്ടത് ചെയ്യുമെന്ന് നിവേദനവുമാെയത്തിയ ഗ്രാമവാസികൾക്ക് ഉറപ്പ് നൽകി. ജില്ല കലക്ടർക്ക് ഇതുമായി ബന്ധപ്പെട്ട് മന്ത്രി നിർദേശം നൽകുകയും ചെയ്തു. ഭൂമി കൈവശമുണ്ടായിട്ടും പ്രയോജനമില്ലാതെ വലയുന്ന ചോലക്കാട്ടെ കുടുംബങ്ങളുടെ ദുരിതകഥ ‘മാധ്യമം’ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. 1998 വരെ കരമടച്ച ഭൂമിക്ക് പിന്നീട് ഒരു വിധത്തിലുള്ള നികുതിയും അടക്കാൻ അധികൃതർ സമ്മതിച്ചില്ല.റവന്യു-വനം വകപ്പുകൾ തമ്മിലുള്ള തർക്കമാണ് കാരണം. രണ്ട് വകുപ്പുകളും സംയുക്തമായി പരിശോധന നടത്തി വേണ്ടത് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.