ചിന്നമ്മ വധം: പ്രതികള്‍ക്ക്  ജീവപര്യന്തം തടവും പിഴയും

കല്‍പറ്റ: തൃക്കൈപ്പറ്റ വെള്ളിത്തോട് ചിന്നമ്മ എന്ന അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. കവര്‍ച്ച നടത്തുന്നതിന് ചിന്നമ്മയെ കത്തികൊണ്ട് വെട്ടിയും കല്ലുകൊണ്ട് ഇടിച്ചും കൊന്ന കേസിലെ പ്രതികളായ എരുമാട് കൊന്നച്ചാലില്‍ കുന്നാരത്ത് വീട്ടില്‍ ഒൗസേഫ് (24), സഹോദരന്‍ സില്‍ജോ (26), തൃക്കൈപ്പറ്റ മാണ്ടാട് കരിങ്കണ്ണിക്കുന്ന് കയ്യാനിക്കല്‍ വിപിന്‍ വര്‍ഗീസ് (26) എന്ന വമ്പന്‍ എന്നിവരെയാണ് കല്‍പറ്റ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ ഐ.പി.സി 302 വകുപ്പുപ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ളെങ്കില്‍ മൂന്നുവര്‍ഷം വീതം തടവ് അനുഭവിക്കേണ്ടിവരും. 120 (ബി) വകുപ്പുപ്രകാരം മൂന്നു വര്‍ഷം വീതം കഠിനതടവും 449 വകുപ്പുപ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും (പിഴയടച്ചില്ളെങ്കില്‍ അഞ്ചുവര്‍ഷം വീതം തടവ്), 392 വകുപ്പുപ്രകാരം ഏഴുവര്‍ഷം വീതം കഠിനതടവും 50,000 രൂപ പിഴയും (പിഴയടച്ചില്ളെങ്കില്‍ 18 മാസം വീതം തടവ്) 201 വകുപ്പുപ്രകാരം അഞ്ചുവര്‍ഷം വീതം കഠിനതടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്. 

2014 സെപ്റ്റംബര്‍ 13ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. കെ.കെ ജങ്ഷനില്‍ ഓലിക്കക്കുഴിയില്‍ ചിന്നമ്മ (68) ഒറ്റക്ക് താമസിക്കുന്ന വീടുമായി പ്രതികള്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചപ്രകാരം സുല്‍ത്താന്‍ ബത്തേരിയിലെ മെഡിക്കല്‍ ഷോപ്പില്‍നിന്ന് മയക്കുഗുളികകളും മുട്ടിലില്‍നിന്ന് ശീതള പാനീയവും വാങ്ങി രാത്രി 11ഓടെ ചിന്നമ്മ താമസിക്കുന്ന വീട്ടിലത്തെി. പ്രതികള്‍ ചിന്നമ്മയോടൊത്ത് ഭക്ഷണം കഴിക്കുകയും ഗുളിക കലക്കിയ ശീതളപാനീയം അവര്‍ക്ക് കുടിക്കാന്‍ കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു മുറിയില്‍ കിടന്നുറങ്ങിയ പ്രതികള്‍ ചിന്നമ്മ ഉറങ്ങിയെന്ന് ബോധ്യംവന്നപ്പോള്‍ മുറിയില്‍ കയറി കല്ലുകൊണ്ട് ഇടിച്ചും അരിവാളും വാക്കത്തിയും കൊണ്ട് വെട്ടിയും കൊലപ്പെടുത്തുകയും മുറിയിലുണ്ടായിരുന്ന 34.35 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാലയും 3.1 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമോതിരവും എ.ടി.എം കാര്‍ഡും കവര്‍ച്ച നടത്തുകയും ചെയ്തു.
ചിന്നമ്മയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞശേഷം താക്കോലും കൃത്യത്തിനുപയോഗിച്ച കല്ലും അരിവാളും പറമ്പിലേക്ക് വലിച്ചെറിഞ്ഞു. സംഭവസമയം ധരിച്ച വസ്ത്രങ്ങളും വാക്കത്തിയും പലസ്ഥലത്തായി ഒളിപ്പിച്ചുവെച്ച് തെളിവ് നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും നിരാലംബയായ സ്ത്രീയെ മൃഗീയമായും ക്രൂരമായും കൊലപ്പെടുത്തിയതിനാല്‍ പ്രതികള്‍ വധശിക്ഷക്ക് അര്‍ഹരാണെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ പി. അനുപമന്‍ വാദിച്ചു. കേസില്‍ 79 സാക്ഷികളെയാണ് വിസ്തരിച്ചത്. 121 രേഖകളും 44 തൊണ്ടിമുതലുകളും ഹാജരാക്കി. സാഹചര്യത്തെളിവുകളുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ കുറ്റം തെളിയിച്ചത്. 
കല്‍പറ്റ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന സുഭാഷ് ബാബുവാണ് കേസ് അന്വേഷിച്ചത്. പ്രതികള്‍ പിഴയടക്കുകയാണെങ്കില്‍ ചിന്നമ്മയുടെ രണ്ടു മക്കള്‍ക്ക് ഒന്നരലക്ഷം രൂപ വീതം നല്‍കാനും കോടതി ഉത്തരവായി.

Tags:    
News Summary - chinnamma murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.