‘മുഖ്യമന്ത്രിയാകാൻ ആരാണ് അയോഗ്യൻ, തീരുമാനം നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും നോക്കി’; ശശി തരൂരിന് മറുപടിയുമായി സണ്ണി ജോസഫ്

ന്യൂഡൽഹി: യു.ഡി.എഫിന്‍റെ മുഖ്യമന്ത്രിയെ കുറിച്ചുള്ള സ്വകാര്യ സ്ഥാപനത്തിന്‍റെ സർവേ ഫലം എക്സിൽ പങ്കുവെച്ച ശശി തരൂരിന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്. മുഖ്യമന്ത്രിയാകാൻ ആരാണ് അയോഗ്യനെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് ചോദിച്ചു.

മുഖ്യമന്ത്രി ആരാണെന്ന വിഷയം ഉയർന്നാൽ നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച് എം.എൽ.എമാരുമായി ആലോചിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

വരുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലേറിയാൽ തരൂരിനെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന സ്വകാര്യ സ്ഥാപനത്തിന്‍റെ സർവേഫലമാണ് ശശി തരൂർ തന്നെ എക്സ് പേജിൽ പങ്കുവെച്ചത്. സ്വകര്യ ഗവേഷണ സ്ഥാപനം നടത്തിയ 'കേരള വോട്ട് വൈബ് സർവേ 2026'ൽ മുഖ്യമന്ത്രി പദത്തിൽ തരൂരിന് മുൻതൂക്കം നൽകുന്ന സർവേ ഫലമാണുള്ളത്. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്.

സർവേ പ്രകാരം തരൂരിനെ 28.3 ശതമാനം പേരാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത്. എന്നാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് 15.4 ശതമാനം പേർ പിന്തുണക്കുന്നു. യു.ഡി.എഫിൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതായി 27 ശതമാനം പേർ അഭിപ്രായപ്പെട്ടതായും സർവേ പറയുന്നു.

യു.ഡി.എഫ് മുഖ്യമന്ത്രി സ്ഥാനാർഥിയായി തരൂരിനെ പിന്തുണക്കുന്നവരിൽ 30 ശതമാനം പുരുഷന്മാരാണ്. എന്നാൽ, സ്ത്രീകളുടെ പിന്തുണ 27 ശതമാനം മാത്രം. 18നും 24നും ഇടയിൽ പ്രായമുള്ളവരേക്കാൾ (20.3%) 55 വയസും അതിൽ കൂടുതലുമുള്ളവരുടെ (34.2%) പിന്തുണ വളരെ കൂടുതലാണ്.

സർവേയിൽ പങ്കെടുത്ത വോട്ടർമാരിൽ 62 ശതമാനം പേരും തങ്ങളുടെ നിലവിലെ എം.എൽ.എയെ മാറ്റാൻ ആഗ്രഹിക്കുന്നു. 23 ശതമാനം പേർ മാത്രമാണ് സംസ്ഥാനത്ത് തൽസ്ഥിതി നിലനിർത്താൻ ആഗ്രഹിക്കുന്നത്. ഇത് ഭരണവിരുദ്ധ വികാരമായി സർവേ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, എൽ.ഡി.എഫിൽ മുഖ്യമന്ത്രി പിണറായി വിജയനെക്കാൾ ജനസമ്മതിയുള്ളത് കെ.കെ. ശൈലജക്കാണെന്ന് സർവേ പറയുന്നു. 24 ശതമാനം പിന്തുണയാണ് ശൈലജക്ക് ഉള്ളത്. എന്നാൽ, പിണറായിക്ക് പിന്തുണ 17.5 ശതമാനം മാത്രമാണ്. എൽ.ഡി.എഫിന്‍റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടെന്ന് 41 ശതമാനം പേർ അഭിപ്രായപ്പെട്ടതായി സർവേ ഫലം പറയുന്നു.

കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സർവേ ഫലം പങ്കുവെച്ചുള്ള ശശി തരൂരിന്‍റെ പുതിയ നീക്കം. രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് തരൂർ നീക്കം നടത്തിയിരുന്നു. ഇതിനായി കേരളത്തിലെ സമുദായ നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

നിയമസഭ തെരഞ്ഞടുപ്പിൽ യു.ഡി.എഫ് അധികാരത്തിലേറിയാൽ മുഖ്യമന്ത്രി പദം തരൂർ ലക്ഷ്യമിടുന്നതായുള്ള വാർത്തകളും അന്ന് പ്രചരിച്ചിരുന്നു. എന്നാൽ, തരൂരിന്‍റെ നീക്കം നേതാക്കൾ ഇടപെട്ട് മയപ്പെടുത്തുകയാണ് ചെയ്തത്.

അതേസമയം, ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിൽ ശശി തരൂർ സ്വീകരിച്ച നിലപാടിൽ കടുത്ത അതൃപ്തിയാണ് കോൺഗ്രസ് ഹൈക്കമാൻഡിനുള്ളത്. കേരളത്തിലെ കോൺഗ്രസിലും മുഖ്യമന്ത്രിയാരെന്ന പുതിയ ചർച്ചക്ക് വഴിവെക്കുകയാണ് സർവേ ഫലം പങ്കുവെച്ചതിലൂടെ തരൂർ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Chief Minister's post: Sunny Joseph responds to Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.