ആലുവയിൽ നിർമിക്കുന്ന ആധുനിക മാർക്കറ്റ് സമുച്ചയത്തിൻറെ രൂപരേഖ
ആലുവ: പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ നഗരസഭയുടെ ആധുനിക മാര്‍ക്കറ്റ് സമുച്ചയം നിർമാണം ആരംഭിക്കുന്നു. പത്ത് വർഷം മുമ്പ് ശിലാസ്ഥാപനം നടത്തിയെങ്കിലും പലകാരണങ്ങളാൽ പണികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. അൻവർ സാദത്ത് എം.എൽ.എ അടക്കമുള്ളവരുടെ ശ്രമഫലമായാണ് പുതിയ പദ്ധതി തയ്യാറാക്കി നിർമാണം ആരംഭിക്കുന്നത്.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഫണ്ടുപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളുള്ള മാർക്കറ്റ് നിർമിക്കുന്നത്. നിര്‍മാണോദ്ഘാടനം 27 ന് വൈകിട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ വിശിഷ്ടാതിഥിയാകും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. മാര്‍ക്കറ്റ് രൂപരേഖ ബെന്നി ബഹനാന്‍ എം.പി പ്രകാശനം ചെയ്യും. അന്‍വര്‍ സാദത്ത് എം.എല്‍.എ ആമുഖ പ്രസംഗം നടത്തും.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയില്‍ ഉള്‍പ്പെടുത്തിയാണ് ആധുനിക മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കുന്നത്. 50 കോടിയോളം രൂപയാണ് പദ്ധതിയുടെ ചെലവ്. 16943 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മാര്‍ക്കറ്റ് സമുച്ചയം ഒരുങ്ങുക. മെസാനിന്‍ ഫ്ലോര്‍ ഉള്‍പ്പെടെ നാല് നിലകളിലായിട്ടാണ് മാര്‍ക്കറ്റ് സമുച്ചയം രൂപകല്പന ചെയ്തിരിക്കുന്നത്. ബേസ്മെന്‍റ് ഫ്ളോറില്‍ പാര്‍ക്കിങ്, സ്റ്റോറേജ് എന്നിവയും ഗ്രൗണ്ട് ഫ്ളോറില്‍ ഷോപ്പ് മുറികളും, ടോയ്ലറ്റ് ബ്ലോക്കും, ഒന്നാം നിലയില്‍ റസ്റ്റോറന്‍റ്, സൂപ്പര്‍ മാര്‍ക്കറ്റ്, കടമുറികള്‍ എന്നിവയും മെസാനിന്‍ ഫ്ളോറില്‍ റസ്റ്റോറന്‍റുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് മാര്‍ക്കറ്റ് നിര്‍മാണത്തിന്‍റെ നിര്‍വ്വഹണ ഏജന്‍സി. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് മാര്‍ക്കറ്റിന്‍റെ കസ്റ്റോഡിയനായ ആലുവ നഗരസഭക്ക് മാര്‍ക്കറ്റ് സമുച്ചയം കൈമാറും. മാര്‍ക്കറ്റിന്‍റെ നടത്തിപ്പും ഭാവിപരിപാലനവും ഇതോടെ നഗരസഭയ്ക്കാവും.
മാർക്കറ്റ് സമുച്ചയത്തിലൊരുങ്ങുന്നത് 88 കടമുറികൾ
ആലുവ: റീട്ടെയില്‍ / ഹോള്‍സെയില്‍ വ്യാപാരങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് മാര്‍ക്കറ്റ്. 88 കടമുറികളാണ് കെട്ടിടത്തിലുണ്ടാവുക. ഗ്രൗണ്ട് ഫ്ളോറിൽ ലിഫ്റ്റ്, എസ്കലേറ്റര്‍, മാലിന്യസംസ്കരണ സംവിധാനം, ബയോഗ്യാസ് പ്ലാന്‍റ് എന്നിവയും, ഒന്നാം നിലയിൽ അംഗപരിമിതര്‍ക്കും, ട്രാന്‍സ് ജെന്‍ഡേഴ്സിനും അടക്കമുള്ള ടോയ്ലറ്റ് കോംപ്ലക്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫിസ്, തൊഴിലാളികള്‍ക്കുള്ള വിശ്രമമുറികള്‍ എന്നിവയ്ക്കൊപ്പം ഓഫിസ് ഉപയോഗത്തിന് അനുയോജ്യമായ മുറികളും ഉണ്ടായിരിക്കും.
കേന്ദ്രീകൃത ശീതീകരണ സംവിധാനവും തീപിടുത്ത നിയന്ത്രണ സംവിധാനവും സ്ഥാപിക്കും. ട്രാന്‍സ്ഫോര്‍മറുകള്‍, മിന്നല്‍ രക്ഷാകവചം, ബാറ്ററി ബാക്കപ്പോടുകൂടിയ സോളാര്‍ പാനല്‍ എന്നിവയും ഉണ്ടാകും. യാര്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റ് അടക്കമുള്ള ലൈറ്റിങ് സംവിധാനം സ്ഥാപിക്കും. മാര്‍ക്കറ്റ് പരിസരം ലാന്‍ഡ് സ്കേപ്പിംഗിലൂടെ മോടി പിടിപ്പിക്കും. ആലുവാപ്പുഴയുടെ സാമീപ്യം ഉപയോഗപ്പെടുത്തി ഒരുക്കുന്ന സജ്ജീകരണങ്ങള്‍ വിനോദ സഞ്ചാരികളുടെ സന്ദര്‍ശന കേന്ദ്രം കൂടിയായി മാര്‍ക്കറ്റ് സമുച്ചയത്തെ മാറ്റിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.