തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം വിഴിഞ്ഞം തുറമുഖം സന്ദർശിച്ചതിനെതിരെ വിമർശനം. തുറമുഖത്തിന്‍റെ പ്രവർത്തനം ഉദ്യോഗസ്ഥർ വിശദീകരിക്കുന്ന യോഗത്തിലടക്കം കുടുംബാംഗങ്ങൾ പങ്കെടുത്തതാണ് വിമർശനത്തിനിടയാക്കിയത്.
വിഴിഞ്ഞം പദ്ധതി പ്രദേശത്ത് മാത്രമല്ല, അതീവ സുരക്ഷാ മേഖലയിലടക്കം മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ എന്നിവർ എത്തിയതായാണ് വിമർശനം. തന്ത്രപ്രധാനമേഖലയായ പോർട്ട് ഓപ്പറേഷൻ സെന്റർ, ബെർത്ത്, പുലിമുട്ട് എന്നിവിടങ്ങളിലും കുടുംബാംഗങ്ങളെത്തി. പ്ലാൻ റൂമിൽ ഉദ്യോഗസ്ഥർ തുറമുഖത്തിന്‍റെ പ്രവർത്തനരീതി മുഖ്യമന്ത്രിയോടു വിശദീകരിച്ചപ്പോഴും കുടുംബം ഒപ്പമുണ്ടായിരുന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, വി.എൻ. വാസവൻ, മേയർ ആര്യ രാജേന്ദ്രൻ, തുറമുഖ വകുപ്പിലെയും അദാനി പോർട്സിലെയും ഉദ്യോഗസ്ഥർ എന്നിവരും എത്തിയിരുന്നു.
ഇതിന്‍റെ ചിത്രങ്ങൾ മുഖ്യമന്ത്രി തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഏതു ആധുനിക അന്താരാഷ്ട്ര തുറമുഖത്തോടും കിടപിടിക്കുന്ന മികവോട് കൂടി സജ്ജമാക്കിയ കൺട്രോൾ റൂം മുതൽ ക്രെയിൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും പ്രവർത്തന രീതികളും വിശദമായി കാണാൻ സാധിച്ചു’ എന്ന് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടേത് അനൗദ്യോഗിക സന്ദർശനമായിരുന്നെന്നും കുടുംബം ഒപ്പമുണ്ടായതിൽ അസ്വാഭാവികതയില്ലെന്നും വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ വിശദീകരിച്ചു.
വിഴിഞ്ഞം കമീഷൻ ചെയ്യാൻ മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുകയാണ്. ഇതിന് മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.