സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ഡിജിറ്റല്‍ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരങ്ങളുടെ വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ സ്മാര്‍ട്ട് ഫോണ്‍, സോഷ്യല്‍ മീഡിയ, ബാങ്കിങ്, നെറ്റ് ബാങ്കിങ്, ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനങ്ങള്‍, എടിഎം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയവ നിത്യജീവിതത്തില്‍ സ്ത്രീ സൗഹൃദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡിജിറ്റല്‍ മേഖലിയില്‍ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണമെന്നും ഡിജിറ്റല്‍ ഡിവൈഡിനേയും നൂതന സാങ്കേതികവിദ്യാ രംഗത്തെ തൊഴിലന്തരത്തേയും സൈബര്‍ കുറ്റകൃത്യങ്ങളേയുമൊക്കെ മറികടന്നു വേണം നൂതന സാങ്കേതികവിദ്യയെ ലിംഗസമത്വത്തിനായുള്ള ഉപാധിയായി ഉപയോഗിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂതന സാങ്കേതികവിദ്യയും ഡിജിറ്റല്‍ സൗകര്യങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതില്‍ ലോകത്തു വലിയ അന്തരം നിലനില്‍ക്കുന്നു. സാമ്പത്തികമായ വശങ്ങള്‍ക്കു പുറമേ സാമൂഹികമായ മറ്റൊരു വശംകൂടി ഇതിനുണ്ട്. ലോകത്ത് 60 ശതമാനം സ്ത്രീകള്‍ മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുള്ളൂ. പുരുഷന്മാര്‍ 75 ശതമാനത്തോളം വരും. ഇന്ത്യയുടെ കാര്യമെടുത്താല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വനിതകള്‍ 30 ശതമാനത്തോളമേ ഉള്ളൂ. വലിയ അന്തരം നിലനില്‍ക്കുന്നത് ഇതില്‍നിന്നു വ്യക്തമാണ്.

സ്ത്രീ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യംവച്ചുള്ള പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലും മുന്നോട്ടുവച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്കു വലിയ പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണു നടപ്പാക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചാല്‍ മാത്രമേ വനിതകള്‍ക്കു സാമൂഹിക മുന്നേറ്റം കൈവരിക്കാന്‍ കഴിയൂ. അതിന് ഏറെ ആവശ്യം തൊഴില്‍ ലഭ്യമാക്കുകയെന്നതാണ്. ഇതിന് കേരള നോളഡ്ജ് ഇക്കോണമി മിഷനിലൂടെ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ആന്റണി രാജു, ജെ. ചിഞ്ചുറാണി, വി. ശിവന്‍കുട്ടി, വി.കെ. പ്രശാന്ത് എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായി. മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, പ്ലാനിംഗ് ബോര്‍ഡ് അംഗം മിനി സുകുമാര്‍, വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി, ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി, ബിന്ദു ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.

കെ.സി. ലേഖ, നിലമ്പൂര്‍ ആയിഷ, ലക്ഷ്മി എന്‍. മേനോന്‍, ഡോ. ആര്‍.എസ്. സിന്ധു എന്നിവര്‍ക്ക് മുഖ്യമന്ത്രി വനിതാരത്‌ന പുരസ്‌കാരം സമ്മാനിച്ചു.

Tags:    
News Summary - Chief Minister says complete digital literacy of women is the goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.