അഴിമതിയാരോപണം തള്ളി മുഖ്യമന്ത്രി; ബ്രൂവറിയുമായി മുന്നോട്ട്

തിരുവനന്തപുരം: പാലക്കാട് ബ്രൂവറി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചും അഴിമതിയാരോപണം തള്ളിയും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസ്സുണ്ടാകില്ലെന്നും ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ഗുണകരമായ ഇത്തരം സംരംഭങ്ങളുമായി നിക്ഷേപം നടത്താൻ തയാറായി വരുന്നവരെ സർക്കാർ അംഗീകരിക്കും. വ്യവസായ സ്ഥാപനങ്ങൾക്ക് വെള്ളം നൽകുന്നത് വലിയ പാപമല്ല.

കൃഷിക്കാരുടെ താൽപര്യവും പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ല. വ്യവസായ പദ്ധതികൾക്ക് അംഗീകാരം നൽകുന്നത് സർക്കാറിന്‍റെ നയപരമായ തീരുമാനമാണ്. ഇപ്പോൾ നൽകിയത് പ്രാഥമികാനുമതിയാണെന്നും അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവെക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് കാലത്ത് പി.പി.ഇ കിറ്റുവാങ്ങിയതിൽ അഴിമതിയുണ്ടെന്ന സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണങ്ങളെയും അദ്ദേഹം തള്ളി. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. പി.പി.ഇ കിറ്റ് അന്ന് അനിവാര്യമായിരുന്നു. അടിയന്തര സാഹചര്യത്തിലാണ് നടപടികളെടുത്തത്. സങ്കീർണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മുന്നോട്ടുപോയാൽ മതിയായിരുന്നുവെന്നാണോ പ്രതിപക്ഷം പറയുന്നത്? സി.എ.ജിക്ക് ഉചിതമായ മറുപടി സർക്കാർ നൽകിയിരുന്നു -പിണറായി പറഞ്ഞു.

സഭയിൽ സർക്കാർ നേട്ടങ്ങൾ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ സർക്കാർ നേട്ടങ്ങൾ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ പ്രതിസന്ധിക്കിടയിലും സാമൂഹികക്ഷേമ പദ്ധതികൾ സംസ്ഥാനം നടപ്പാക്കുന്നുണ്ട്.

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണംചെയ്യുന്ന കാര്യത്തിലും അനുകൂല സമീപനം ഉണ്ടാകും. കേരളം വ്യവസായ നിക്ഷേപ സൗഹൃദമല്ലെന്ന ആക്ഷേപം മാറിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

2028ൽ വിഴിഞ്ഞം യാഥാർഥ്യമാകും. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താമരവിപ്പ് 2016ൽ ഇടത് സർക്കാർ അധികാരത്തിലേറിയത് മുതലാണ് മാറിത്തുടങ്ങിയത്. ഐ.ടി മേഖലയിലും വൻനേട്ടമുണ്ടാക്കാൻ സാധിച്ചു. നിലവിൽ സംസ്ഥാനത്ത് ഐ.ടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതിയുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ഹബ്ബായി മാറി. കേരള, എം.ജി സർവകലാശാലകൾക്ക് എ പ്ലസ്, പ്ലസ് റാങ്ക് ലഭിച്ചു.

കേരളത്തോടുളള കേന്ദ്രത്തിന്റെ സമീപനം ഉപരോധത്തിന് സമാനമാണ്. ധൂർത്തും കെടുകാര്യസ്ഥതയുമെന്നുപറഞ്ഞ് പ്രതിപക്ഷം അതിന് വളംവെച്ചുകൊടുക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണത്തിന് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര നീക്കമുണ്ടായി. ഇതിനെതിരെ സർക്കാർ കോടതിയിൽ പോയി. ആ ഘട്ടങ്ങളിൽ പ്രതിപക്ഷം കൂടെനിന്നോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Chief Minister rejects corruption allegations; moves ahead with brewery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.