കൽപറ്റ: സംസ്ഥാനം നേരിട്ട ദുരന്തത്തെ ഒന്നിച്ചുനിന്ന് അതിജീവിക്കാമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മു ഖ്യമന്ത്രി പിണറായി വിജയന്‍. പുത്തുമലയിലെ ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട് മേപ്പാടി ഗവ. ഹയര്‍ സെക്കൻഡറി സ്‌ക ൂളിലെ ക്യാമ്പില്‍ കഴിയുന്ന ദുരിതബാധിതരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത വേദന കടിച്ചമര് ത്തി കഴിയുകയാണ് ക്യാമ്പിലുള്ളവര്‍. വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ നേരിട്ടവരാണവര്‍. വീടും സ്വത്തും ഉറ്റവരെയ ും ഉടയവരെയും നഷ്ടപ്പെട്ടവർ ക്യാമ്പുകളിലുണ്ട്. ആദ്യം രക്ഷാപ്രവർത്തനത്തിനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കു ന്നത്. പിന്നീട് ഇവരുടെ പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദർശനവും വാക്കു കളും ഈ കുടുംബങ്ങൾക്ക് നൽകിയത് വലിയ ആത്മവിശ്വാസമാണ്.
കഴിഞ്ഞ വര്‍ഷവും ഇതേ രീതിയിലുള്ള ദുരന്തമാണ് നമുക്ക് ന േരിടേണ്ടിവന്നത്. ഒട്ടേറെപേരെ ദുരന്തമുഖത്തുനിന്ന് രക്ഷിച്ചെടുക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഏതാനും പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനുള്ള തുടര്‍ പ്രവര്‍ത്തനമുണ്ടാകും. പുനരധിവാസവും വീട്, സ്ഥലം, കൃഷി എന്നിങ്ങനെയുള്ള നഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരെയും ബന്ധുക്കളെയും സമാശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. തുടർന്ന് കൽപറ്റ കലക്ടറേറ്റിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ അദ്ദേഹം പങ്കെടുത്തു.
അതിജീവനത്തിനുള്ള എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കും. വീടുകളും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങളൊരുക്കി. വീട് നഷ്ടപ്പെട്ട് ക്യാമ്പില്‍നിന്ന് തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്ക് പ്രത്യേകം സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ കോഴിക്കോട്ടുനിന്ന് ഹെലികോപ്ടർ മാർഗം സുൽത്താൻ ബത്തേരിയിലിറങ്ങിയ മുഖ്യമന്ത്രിയും സംഘവും റോഡു മാർഗമാണ് രാവിലെ 11ഓടെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, എം.എല്‍.എ.മാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ്‌മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, സ്‌പെഷല്‍ ഓഫിസര്‍ യു.വി. ജോസ്, ജില്ല കലക്ടര്‍ എ.ആര്‍. അജയകുമാര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കവളപ്പാറ ദുരന്തം: പ്രതിപക്ഷത്തെ കേൾക്കാൻ മുഖ്യമന്ത്രി തയാറായില്ല -യു.ഡി.എഫ്
പോത്തുകല്ല്: കവളപ്പാറ ദുരന്തത്തെക്കുറിച്ച് ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ലെന്ന് പ്രതിപക്ഷ എം.എൽ.എമാർ കുറ്റപ്പെടുത്തി. പോത്തുകല്ല് പഞ്ചായത്ത് ഓഫിസിൽ ചേർന്ന അവലോകന യോഗശേഷമാണ് മലപ്പുറത്തെ പ്രതിപക്ഷ എം.എൽ.എമാർ ഇക്കാര്യം പറഞ്ഞത്. ദുരന്തം നേരിടുന്നതിൽ ഒറ്റക്കെട്ടാകണമെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗത്തിൽ ഒരു ജനപ്രതിനിധിക്ക് പോലും സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് എം. ഉമ്മർ എം.എൽ.എ കുറ്റപ്പെടുത്തി. കലക്ടറുടെ റിപ്പോർട്ട് കേൾക്കാൻ മാത്രമാണ് തയാറായത്.
സന്നദ്ധസംഘടനകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ നിഷ്ക്രിയമാണെന്നും പി.കെ. ബഷീർ എം.എൽ.എ കുറ്റപ്പെടുത്തി. ദുരന്തസ്ഥലത്ത് തങ്ങളാരും സർക്കാറിനെ കുറ്റപ്പെടുത്തുകയില്ലെന്നും എന്നാൽ വസ്തുതകൾ വിലയിരുത്താനുള്ള സാവകാശം കാണിക്കാതെ ചടങ്ങ് തീർക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നും എ.പി. അനിൽകുമാർ പറഞ്ഞു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, പ്രഫ. ആബിദ് ഹുസൈൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, കെ.ടി. കുഞ്ഞാൻ, ഒ.ടി. ജയിംസ് എന്നിവരും യു.ഡി.എഫ് സംഘത്തിലുണ്ടായിരുന്നു.
പ്രളയത്തിെൻറ പേരിൽ മുഖ്യമന്ത്രി വേർതിരിവിന് ശ്രമിക്കുന്നു-പി.കെ. കൃഷ്ണദാസ്
നാദാപുരം: പ്രളയത്തിെൻറ പേരിൽ മുഖ്യമന്ത്രി രാഷ്ട്രീയ വേർതിരിവിന് ശ്രമിക്കുകയാണെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. വിലങ്ങാട് ദുരിതബാധിത ദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കൈകോർത്ത് പ്രവർത്തിക്കേണ്ട സമയത്ത് രാഷ്ട്രീയക്കളി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും ദുരിതം വിതച്ച വിലങ്ങാടിന് പ്രത്യേകം പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, വി.കെ. സജീവൻ എന്നിവർ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.