തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ നിർദേശിച്ചത് വിവേകപൂർവം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായി പ്രവർത്തിക്കേണ്ട വ്യവസായങ്ങൾക്കും ഭക്ഷണശാലകൾക്കും ഇളവുകൾ നൽകും. ഓട്ടോറിക്ഷക്ക് ഓടാൻ അനുവാദമില്ല. എന്നാൽ ചെറിയ കാര്യങ്ങൾക്ക് ഓടാൻ സൗകര്യമൊരുക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് തിരിച്ചെത്തുന്നവർ ഇവിടെ നിരീക്ഷണത്തിൽ കഴിയണം. നിർദേശം ലംഘിക്കുന്നവർക്കെതിെര കർശന നിയമനടപടി സ്വീകരിക്കും.
അന്യ സംസ്ഥാനങ്ങളിൽനിന്ന് പാസ് ലഭിച്ചവരിൽ 19411 പേർ റെഡ്സോൺ ജില്ലകളിൽനിന്നാണ്. ഇതുവരെ സംസ്ഥാനത്ത് തിരിച്ചെത്തിയവരിൽ 8900പേർ റെഡ്സോൺ ജില്ലകളിൽനിന്നുമാണ്. റെഡ്സോൺ ജില്ലകളിൽനിന്ന് വന്നവർ 14 ദിവസം സർക്കാർ ഒരുക്കിയ ക്വാറൻറീനിൽ കഴിയണം. 75 വയസിന് മുകളിലുള്ളവരും 10 വയസിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും 14 ദിവസം വീടുകളിൽ ക്വാറൻറീനിൽ കഴിയണം. റെഡ് സോണിൽ നിന്ന് വരുന്നവരെ ചെക്പോസ്റ്റിൽനിന്നുതന്നെ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റും. ഒരു ദിവസം കേരളത്തിൽ എത്താൻ കഴിയുന്ന അത്രയും പേർക്കാണ് പാസ് നൽകുന്നത്. പാസ് വിതരണം നിർത്തിയില്ലെന്നും അവ ക്രമത്തിൽ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
റെഡ് സോണിൽ നിന്നാണെന്ന് പറഞ്ഞ് ആരെയും തടയില്ല. എന്നാൽ കൃത്യമായ നടപടിക്രമം പാലിക്കണം. രജിസ്റ്റർ ചെയ്യാതെ എത്തുന്നവരെ കടത്തിവിടില്ല. എവിടെനിന്നാണോ വരുന്നത് അവിടത്തെ പാസും എവിടേക്കാണോ വരുന്നത് അവിടത്തെ പാസും ആവശ്യമാണ്. വിവരങ്ങൾ മറച്ചുവെച്ച് വരുന്നവരെയും തടയും. അതിർത്തിയിൽ കൃതമായ ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് പ്രത്യേക ട്രെയിൻ അനുവദിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് പ്രത്യേക ട്രെയിൻ എത്തിക്കാൻ ശ്രമിക്കും. ലക്ഷദ്വീപിൽ കുടുങ്ങിയവരെ എത്തിക്കാൻ അവിടത്തെ ഭരണകൂടമായി സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.