കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എം.എൽ. എ ഉമ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, സി.എൻ. മോഹനൻ, സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ ഒപ്പം
കൊച്ചി: ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി സന്ദർശിച്ചു. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, സി.എൻ. മോഹനൻ, സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പാണ് ഉമാ തോമസിനെ കാണാനെത്തിയത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയിൽ നിന്ന് വീണാണ് ഉമതോമസിന് ഗുരുതരമായി പരിക്കേറ്റത്. 15 അടി ഉയരമുള്ള വേദിയില്‍നിന്ന് വീണ ഉമ തോമസ് എം.എല്‍എക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരിക്കേറ്റത്.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഉമ തോമസിനെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ഒരാഴ്ച കൂടെ ചികിത്സയില്‍ കഴിഞ്ഞശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി വീട്ടിലേക്ക് വിടുന്ന കാര്യം പരിശോധിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
മുറിയിലെത്തി ഉമ തോമസിനെ കണ്ട മുഖ്യമന്ത്രി ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വി.ഐ.പി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എക്ക് ഗുരുതര പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.