മലയാള അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി -ചെന്നിത്തല

കൊച്ചി: മലയാള അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല. ബാക്കി മഷിത്തണ്ടുകളും അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെയാണുള്ളതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ മുതൽ സെൽഫി എടുക്കാൻ വന്ന എസ്.എഫ്.ഐ പയ്യനെയും പത്രക്കാരെയും വരെ അടച്ചധിക്ഷേപിക്കുന്ന പിണറായിയെ‌ കെ.പി.സി.സി അധ്യക്ഷന്റെ ചെലവിൽ ആരും വെള്ള പൂശണ്ട. അസഭ്യവും ഉദാഹരണവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

എല്ലാവരും ബഹുമാനിക്കുന്ന പി.ടി. തോമസിന്റെ ദൗർഭാഗ്യകരമായ മരണത്തെ സുവർണാവസരമായി കണ്ടയാളാണ് മുഖ്യമന്ത്രി. ഇതിനെതിരെ ശക്തമായ ജനരോഷം ഉണ്ടായി. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് കെ.പി.സി.സി പ്രസിഡൻറിന് എതിരായ കേസെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ മന്ത്രിമാരും എൽ.ഡി.എഫ് നേതാക്കളും ജാതിയും മതവും തിരിച്ചാണ് വോട്ടർമാരെ കാണുന്നത്. തെരഞ്ഞെടുപ്പിന് ശേഷവും ഈ നാട് നിലനിൽക്കണമെന്ന ബോധം സി.പി.എമ്മിന് ഉണ്ടാവണം. കെ.എസ്.ആർ.ടി.സിയിൽ മാത്രമല്ല, കെ-റെയിൽ ഉദ്യോഗസ്ഥർക്കും ശമ്പളം കൊടുക്കാൻ ഈ സർക്കാറിന് കഴിയുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചു.

ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് സി.പി.എമ്മിന് തന്നെ ബോധ്യമുള്ള പദ്ധതിയാണ് കെ-റെയിൽ. സ്ഥലമേറ്റെടുത്ത് കമ്മീഷൻ തട്ടാനും വികസനവിരുദ്ധരെന്ന തങ്ങളുടെ മുഖമുദ്ര മാറ്റിയെടുക്കാനുമാണ് കെ-റെയിലെന്നും പറഞ്ഞ് പിണറായിയും കൂട്ടരും നടക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷം സ്ഥാനത്തിന്റെ കടബാധ്യത 3.71ലക്ഷം കോടി രൂപയാണ്. 150 ശതമാനമാണ് ഈ കാലയളവിൽ കടത്തിന്റെ വർധന. സംസ്ഥാനത്തെ ഓരോ കുഞ്ഞിനും 1.34 ലക്ഷത്തിന്റെ ബാധ്യത വരുത്തിവെച്ചിട്ടാണ് പിണറായി ഭരണവാർഷികം ആഘോഷിക്കുന്നത്.

കിഫ്ബി വഴി എടുത്ത 70,762 കോടിയുടേയും കേരള സോഷ്യൽ സെക്യൂരിറ്റീസ് പെൻഷൻ ഫണ്ട് വഴി എടുത്ത 8,640 കോടിയുടെയും കടം വേറെ. കേന്ദ്രത്തിൽ നിന്നും റവന്യൂ കമ്മി നികത്താൻ ലഭിച്ച തുകയും ജി.എസ്.ടി കോമ്പൻസേഷനും കൊണ്ടാണ് സർക്കാർ ഇതുവരെ പിടിച്ചുനിന്നത്. ഈ കേന്ദ്രസഹായം നിൽക്കുന്നതോടെ കേരളം കരകയറാൻ കഴിയാത്ത കടക്കെണിയിലേക്ക് വീഴും. പിണറായിയും കൂട്ടരും കടമെടുത്ത് ധൂർത്ത് നടത്തുന്നു, കേരളം പലിശ കൊടുത്ത് മുടിയുന്നു. ഇതാണ് ഇന്നത്തെ അവസ്ഥയെന്നും ശ്രീലങ്കയെക്കാൾ ദുരിതത്തിലേക്ക് കേരളം കൂപ്പുകുത്തുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Chief Minister is the originator of the Malayalam abuse dictionary says Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.