ചെസ് ഫെഡറേഷന്‍: പി.ടി. ഉമ്മര്‍കോയക്കെതിരായ ഹരജി തള്ളി

കോഴിക്കോട്: കോഴിക്കോട് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ച ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍െറ അംഗീകാരം റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി.
മുന്‍ ഓണററി സെക്രട്ടറിയായ പി.ടി. ഉമ്മര്‍കോയ കോഴിക്കോട്ട് ഫെഡറേഷന്‍ രജിസ്റ്റര്‍ ചെയ്ത നടപടി റദ്ദാക്കണമെന്ന ഹരജിയാണ് പത്ത് കൊല്ലത്തോളം നീണ്ട വ്യവഹാരത്തിനൊടുവില്‍ തള്ളിയത്.

 സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമപ്രകാരം ചെസ് ഫെഡറേഷന്‍െറ രജിസ്ട്രേഷന്‍ കോഴിക്കോട് നടത്തിയതിനെതിരായ ഹരജിയിലാണ് നടപടി. 1958 ഡിസംബര്‍ 10ന് ചെന്നൈയില്‍ സംഘടന രജിസ്റ്റര്‍ ചെയ്യുകയും 1960 വരെ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്നും ഉമ്മര്‍കോയ 1989 ആഗസ്റ്റ് രണ്ട് മുതല്‍ 2005 ജനുവരി 31 വരെ സംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സമയം ചെന്നൈ രജിസ്ട്രേഷന്‍ മറച്ചുവെച്ച് 1991ല്‍ കോഴിക്കോട്ട് വീണ്ടും അഖിലേന്ത്യ ചെസ് ഫെഡറേഷനുവേണ്ടി രജിസ്ട്രേഷന്‍ നടത്തിയെന്നുമാണ് ആരോപണം.

ഇത് അഴിമതി നടത്താനാണെന്നായിരുന്നു വാദം. എന്നാല്‍, മദ്രാസില്‍ 1958ലെ രജിസ്ട്രേഷന്‍ പ്രകാരമുള്ള സാധാരണ നടപടിക്രമങ്ങളൊന്നും നടത്തിയിട്ടില്ളെന്നും 1960ല്‍തന്നെ മദ്രാസിലെ സൊസൈറ്റി പ്രവര്‍ത്തനം നിലച്ചിരുന്നുവെന്നും സംഘടനയുടെ സൊസൈറ്റി രജിസ്ട്രേഷന്‍ നീക്കം ചെയ്തുകൊണ്ട് തമിഴ്നാട് ഗവണ്‍മെന്‍റ് ഗസറ്റില്‍ നോട്ടിഫിക്കേഷന്‍ വഴി പ്രസിദ്ധപ്പെടുത്തിയിരുന്നുവെന്നുമാണ് ഉമ്മര്‍കോയയുടെ വാദം. മറ്റ് ഭാരവാഹികള്‍ ഒന്നിച്ചെടുത്ത തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു കോഴിക്കോട്ടെ രജിസ്ട്രേഷനെന്നും അദ്ദേഹം വാദിച്ചു.

 കോഴിക്കോട്ടെ രജിസ്ട്രേഷന്‍ നടക്കുമ്പോള്‍ അത് അറിഞ്ഞില്ല എന്ന പരാതിക്കാരുടെ വാദം തള്ളിക്കൊണ്ടാണ് കോടതി നടപടി. തമിഴ്നാട് ചെസ് അസോസിയേഷനുവേണ്ടി മാനുവല്‍ ആരോണ്‍, മഹാരാഷ്ട്ര ചെസ് അസോസിയേഷനായി സഞ്ജയ് കേഡഗേ, ഡല്‍ഹി ചെസ് അസോസിയേഷനുവേണ്ടി ഭാരത് സിങ്, ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന കോ-ഓപ്റ്റഡ് അഖിലേന്ത്യ ചെസ് ഫെഡറേഷന്‍ സെക്രട്ടറി ഡി.വി. സുന്ദര്‍ എന്നിവര്‍ ഉമ്മര്‍കോയക്കെതിരെ നല്‍കിയ ഹരജിയിലാണ് വിധി.

 ഉമ്മര്‍കോയയോടൊപ്പം കേന്ദ്ര സ്പോര്‍ട്സ്-യുവജന മന്ത്രാലയ സെക്രട്ടറി, കോഴിക്കോട് രജിസ്ട്രേഷന്‍ ജില്ല രജിസ്ട്രാര്‍ എന്നിവരും കേസില്‍ എതിര്‍കക്ഷികളായിരുന്നു. ഉത്തര്‍പ്രദേശ് ചെസ് അസോസിയേഷന്‍, ഓള്‍ കേരള ചെസ് അസോസിയേഷന്‍, രാജസ്ഥാന്‍ ചെസ് അസോസിയേഷന്‍ എന്നിവരെയും പിന്നീട് കേസില്‍ എതിര്‍കക്ഷികളായി ചേര്‍ത്തിരുന്നു.

Tags:    
News Summary - chess federation pt ummer koya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.