ചെറിയാന്‍ ഫിലിപ്പിന്‍റെ മടക്കം ഉപാധികളില്ലാതെ, മോന്‍സന് വിശ്വാസ്യത ഉണ്ടാക്കിക്കൊടുത്തത് പൊലീസ് -വി.ഡി. സതീശൻ

കായംകുളം: ഉപാധികളൊന്നുമില്ലാതെയാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മടങ്ങിയെത്തുന്നത് ഭാരവാഹിയാകാനാണോ എന്ന സംശയം ഉണ്ടാകാതിരിക്കാനാണ് കോണ്‍ഗ്രസ് പുനഃസംഘടന കഴിയുന്നതു വരെ അദ്ദേഹം കാത്തിരുന്നത്.

ഒരു ഭാരവാഹിത്വവും വഹിക്കാന്‍ താൽപ്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. രണ്ടു മൂന്നു പേര്‍ കോണ്‍ഗ്രസ് വിട്ടുപോയപ്പോള്‍ സി.പി.എം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. കാതു കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന് അന്നു ഞങ്ങള്‍ പറഞ്ഞിരുന്നതാണ്. ചെറിയാന്‍ ഫിലിപ്പിന്‍റെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് അതിന്‍റെ തുടക്കമാണ്. ഇതിനു മുമ്പ്​ എറണാകുളത്ത് ആയിരത്തിലധികം പേരും കോഴിക്കട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ നൂറുകണക്കിനു പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലെത്തും.

കൂടുതല്‍ അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ശരിയല്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് ആരോപണവിധേയമാണ്. നൂറു ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ കിടന്നത്. ഇന്ന് കസ്റ്റസ് അദ്ദേഹത്തെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

മോന്‍സന്‍ കേസില്‍ പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയ അതേ കാര്യങ്ങള്‍ തന്നെയാണ് ഹൈകോടതിയും പറഞ്ഞിരിക്കുന്നത്. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് 2019ല്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. 2020ല്‍ വിശദമായ റിപ്പോര്‍ട്ടും നല്‍കി.

അതിനുശേഷമാണ് ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇത് സമൂഹത്തില്‍ വിശ്വാസ്യത ഉണ്ടാക്കിക്കൊടുത്തു. ഈ വിശ്വാസ്യതയാണ് പലരെയും ചതിക്കുഴിയില്‍ വീഴ്ത്തിയത്. ആളുകളെ ചതിക്കുഴിയില്‍ വീഴ്ത്തിയതിന്‍റെ ഉത്തരവാദിത്തം പൊലീസിനും സര്‍ക്കാറിനുമുണ്ട്.

പൊലീസ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലല്ല. സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. കുഞ്ഞിനെ നഷ്ടപ്പെട്ടെന്നു കാണിച്ച് അമ്മ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടും ആറു മാസത്തിനു ശേഷമാണ് എഫ്.ഐ.ആര്‍ എടുക്കാന്‍ പോലും തയാറായത്. ഡി.ജി.പിയില്‍നിന്നും നീതി കിട്ടിയില്ലെങ്കില്‍ പിന്നെ എവിടെ നിന്നാണ് സ്ത്രീകള്‍ക്ക് സുരക്ഷ കിട്ടുക. നീതിയെ കുറിച്ച് പ്രസംഗിക്കുമ്പോള്‍ മറുവശത്ത് നീതി നിഷേധം നടക്കുകയാണ്.

നിയമസഭക്ക്​ അതി​േന്‍റതായ അന്തസുണ്ട്. ചില ആളുകള്‍ ചന്തയില്‍ പറയുന്നതു പോലെ എന്തും പറയാമെന്നു കരുതി. അതു മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ആ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും മാറ്റുമെന്ന് സ്പീക്കര്‍ അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നു. അത് നിയമസഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    
News Summary - Cherian Philip returned with With the unconditional - vd satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.