അട്ടപ്പാടിയില്‍ പ്രത്യേക പാക്കേജ്: മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: അട്ടപ്പാടി നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് തയാറാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
അട്ടപ്പാടിയില്‍  ഊരുമൂപ്പന്മാര്‍, ആദിവാസി തലവന്മാര്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരികപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചക്കുശേഷം തയാറാക്കിയ റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് നല്‍കി.
അട്ടപ്പാടി നേരിടുന്നത് രൂക്ഷമായ പരിസ്ഥിതിതകര്‍ച്ചയും  വരള്‍ച്ചയുമാണ്. വരള്‍ച്ചയെ നേരിടാന്‍ അടിയന്തരനടപടികള്‍ ആവശ്യമാണ്. ശിശുമരണം തുടര്‍ക്കഥയാവുകയാണ്.
പോഷകസമൃദ്ധമായ ആഹാരത്തിന്‍െറ കുറവ്, ശുദ്ധമായ കുടിവെള്ളത്തിന്‍െറ ദൗര്‍ലഭ്യം, ശൗചാലയങ്ങളുടെ അപര്യാപ്തത, ആരോഗ്യരക്ഷസംവിധാനങ്ങളുടെ കുറവ് തുടങ്ങിയവയാണ് ശിശുമരണത്തിന്‍െറ കാരണങ്ങള്‍. ആശുപത്രിയിലെ സൗകര്യങ്ങളുടെ അപര്യാപ്തതയും ജീവന്‍രക്ഷാമരുന്നുകളുടെ ദൗര്‍ലഭ്യവും ആശുപത്രികളിലെ ജീവനക്കാരുടെ കുറവും പരിഹരിക്കണം.
റേഷന്‍കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ കുറവും കാര്‍ഡുകള്‍ നല്‍കാത്തതും തൊഴിലില്ലായ്മയും കാരണം ആദിവാസികള്‍ ദുരിതത്തിലാണ്. അട്ടപ്പാടി വെളിയിടവിസര്‍ജനപ്രദേശമായി തുടരുകയാണ്. 574 കുട്ടികള്‍ വിളര്‍ച്ച ബാധിതരാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മണ്ണാര്‍ക്കാട്-അഗളി, അഗളി-ചിറ്റൂര്‍ റോഡുകള്‍ പുനരുദ്ധരിക്കണം.
വന്യജീവികളുടെ ആക്രമണം തടയണം. യുവാക്കളിലെ മദ്യപാനശീലത്തിന് പരിഹാരം കാണാന്‍ സജീവമായ ഇടപെടല്‍ വേണം. സര്‍ക്കാര്‍കോളജിന്‍െറ നിര്‍മാണം ത്വരിതപ്പെടുത്തണം.
മാവോയിസ്റ്റ് സാന്നിധ്യവും ഇടപെടലുമുള്ള പ്രദേശമെന്ന നിലയില്‍ കൂടുതല്‍ പൊലീസുദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

 

Tags:    
News Summary - chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.