വിരട്ടുകയല്ല, പരാതി പരിഹരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത് –ചെന്നിത്തല

തൃശൂര്‍: പരാതി കേള്‍ക്കാന്‍ വിളിച്ച യോഗത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ വിരട്ടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും ജനാധിപത്യ സംവിധാനത്തില്‍ ഭരണാധികാരി ഏകാധിപതിയാകുന്നത് ശരിയല്ളെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതി കേള്‍ക്കാനും പരിഹാരം കാണാനും മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. ഫോണ്‍ ചോര്‍ത്തിയെന്ന വിജിലന്‍സ് ഡയറക്ടറുടെ പരാതിയും പരിഹരിക്കണം. ഇതില്‍  ആരുടെയും കക്ഷി ചേരാന്‍ യു.ഡി.എഫ് ഇല്ല. തൃശൂര്‍ ഡി.സി.സി ഓഫിസില്‍ യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതിന്‍െറ ദുരിതമാണിത്. മുഖ്യമന്ത്രിക്ക് ഭരണത്തിലും പൊലീസിലും നിയന്ത്രണം നഷ്ടപ്പെട്ടു. പരിഷ്കൃത സംസ്ഥാനത്ത് യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഏകപക്ഷീയമായാണ് ഇത് നടപ്പാക്കുന്നത്. ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുമ്പോള്‍ത്തന്നെ, അവരുടെ പരാതിക്ക് ഉടന്‍ നടപടി എന്നതാണ് അവസ്ഥ.

സര്‍ക്കാറിന്‍െറ കൈയിലെ പാവയാണ് വിജിലന്‍സ്. തത്ത പറക്കുന്നില്ല, ക്ളിഫ്ഹൗസിലെ കൂട്ടില്‍ വിശ്രമിക്കുകയാണ്. ഇ.പി. ജയരാജന്‍െറ ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ പങ്കുകൂടി അന്വേഷിക്കണം.വ്യവസായമന്ത്രി മുഖേന മുഖ്യമന്ത്രിയുടെ പരിഗണനക്ക് എന്നാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഫയലില്‍ എഴുതിയത്. അതില്‍നിന്നുതന്നെ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണ് -ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - chennithala to bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.