ചെങ്ങന്നൂർ: വീട്ടിലെ മാലിന്യം പൊതുസ്ഥലത്ത് തള്ളിയ ശേഷം മടങ്ങിയ കരസേന ഓർഡ്നൻസ് ഫാക്ടറി റിട്ട. ജനറൽ മാനേജറും അഭിഭാഷകനുമായ വയോധികനെ മർദിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതി ഒളിവിലാണ്. ചെങ്ങന്നൂർ അങ്ങാടിക്കൽ പുത്തൻകാവ് ശാലേം നഗറിൽ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ എബ്രഹാം വർഗീസിനാണ് (66) അക്രമികളുടെ മർദനത്തിൽ ജീവൻ നഷ്ടമായത്. സി.പി.എം നേതാവ് അഡ്വ. സുരേഷ് മത്തായിയുടെ ജൂനിയറായി നാലുവർഷമായി പ്രാക്ടീസ് ചെയ്യുകയാണ് ഇദ്ദേഹം.
തിരുച്ചിറപ്പള്ളി ഓർഡ്നൻസ് ഫാക്ടറി ജനറൽ മാനേജർ പദവിയിൽനിന്ന് 2014ൽ വിരമിച്ച ഇദ്ദേഹം നേരേത്ത ഒരുവർഷം ഹൈകോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച രാത്രി 12ഓടെ മാലിന്യം ഉപേക്ഷിക്കാൻ എബ്രഹാം വീട്ടിൽനിന്ന് സ്കൂട്ടറിൽ പോയി. സ്ഥിരം തള്ളുന്ന സ്ഥലത്തിട്ടശേഷം മടങ്ങി. ഈ സമയം പള്ളിയിലെ റാസ കണ്ട് കല്ലിശ്ശേരിയിലെ തട്ടുകടയിൽ പോയി കാപ്പികുടിച്ച് മടങ്ങിയെത്തിയ പ്രധാന പ്രതി അരവിന്ദ് അയ്യപ്പെൻറ നേതൃത്വത്തിലുള്ള സംഘത്തോട് റോഡരികിൽ മാലിന്യമിട്ട് ഒരാൾ മടങ്ങിപ്പോയതായി ചിലർ അറിയിച്ചു.
ഉടൻ ഇവർ പിന്നാലെ അന്വേഷിച്ച് പോവുകയും വഴിയിൽ തടഞ്ഞുനിർത്തി ചോദിക്കുകയുമായിരുന്നു. ഹെൽമറ്റ് ഊരി നിങ്ങളാരാണെന്ന് എബ്രഹാം വർഗീസ് ചോദിച്ചതോടെ വാക്തർക്കമുണ്ടായി. തുടർന്ന് ഹെൽമറ്റ് പിടിച്ചുവാങ്ങി അടിച്ചതോടെ എബ്രഹാം അവശനായി. വഴിയിൽ ഉപേക്ഷിച്ചു പോകാൻ തുനിഞ്ഞെങ്കിലും കൂെടയുണ്ടായിരുന്നവർ എതിർത്തു. അപകടമാണെന്ന് പറഞ്ഞ് ആശുപത്രിയിലാക്കാൻ പ്രധാന പ്രതി നിർദേശിച്ചു. ഇരുചക്രവാഹനത്തിെൻറ പിന്നിലിരുത്തി കൊണ്ടുപോയപ്പോൾ കാലുകൾ റോഡിലിഴഞ്ഞ് വിരലുകൾ നഷ്ടമായി.
മാവേലിക്കര-കോഴഞ്ചേരി റോഡിലൂടെ അങ്ങാടിക്കലെ സ്വകാര്യ നഴ്സിങ് ഹോമിൽ എത്തിച്ചെങ്കിലും അപകടമായതിനാൽ പ്രവേശിപ്പിക്കാൻ തയാറായില്ല. പിന്നീട് ജില്ല ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർ തന്നെ സ്റ്റേഷനിലുമെത്തി വിവരമറിയിച്ചതായി പൊലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡ്, സയൻറിഫിക് എക്സ്പേർട്ട്, വിരലടയാള വിദഗ്ധർ എന്നിവരെത്തി തെളിവുകൾ ശേഖരിച്ചു. മേഖലയിലെ സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചു.
സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പൊലീസ് സർജെൻറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ചെങ്ങന്നൂർ സി.ഐ എം. സുധിലാലിനാണ് അന്വേഷണ ചുമതല. ജെഫിയാണ് എബ്രഹാം വർഗീസിെൻറ ഭാര്യ. മക്കൾ: ഐബി, ഷെബി. മരുമകൻ: അനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.