കോട്ടയം: ചെങ്ങന്നൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി മറിയ ഉമ്മനെ പരിഗണിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ. മറിയിയെ സ്ഥാനാർഥിയാക്കിയാൽ രാജി വെക്കുമെന്നാണ് ചാണ്ടി ഉമ്മൻ അറിയിച്ചത്. വി.ഡി സതീശനെയും കെ.സി വേണുഗോപാലിനെയും നിലപാട് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കുടുംബത്തിൽ നിന്ന് രണ്ട് പേർ വേണ്ട എന്നും മറിയക്ക് മത്സരിക്കണമെങ്കിൽ പുതുപ്പള്ളിയിൽ നിന്ന് മാറിത്തരാമെന്നും ചാണ്ടി നേതാക്കളെ അറിയിച്ചു.
കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സര രംഗത്ത് എത്തിയാൽ അത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ആദർശത്തിന് എതിരാണ് എന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. ഇത് നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതാണ്. എന്നാൽ അപ്പോഴൊക്കെ അത്തരമൊരു ചർച്ചയില്ല എന്നായിരുന്നു നേതൃത്വത്തിന്‍റെ മറുപടി. ഇപ്പോൾ നടക്കുന്ന സ്ഥാനാർഥി ചർച്ചകളിൽ മറിയ ഉമ്മന്‍റെ പേര് ഉയർന്ന് വന്നതോടെയാണ് ചാണ്ടി വീണ്ടും എതിർപ്പ് അറിയിച്ചത്. മറിയയെ സ്ഥാനാർഥിയാക്കിയാൽ രാജിവെക്കുമെന്നും രാജിക്കത്ത് എഴുതി വെച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ 24 മണിക്കൂർ പിന്നിട്ട വേളയിൽ മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ വി.ഡി. സതീശൻ ക്ഷുഭിതനായി. തെറ്റായ വാർത്തകൾ നൽകി നിങ്ങളുടെ വിശ്വാസ്യത കളയരുതെന്ന് അദ്ദേഹം പ്രതികരിച്ചു.
എം.പിമാരുടെ മത്സരവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനും കോൺഗ്രസിന് ഇതുവരെയായിട്ടില്ല. അതേസമയം, ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് സൂചന നൽകി. സ്ഥാനാർഥി നിർണയത്തിൽ തർക്കങ്ങളില്ലെന്നും ഇന്ന് യോഗം ചേർന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.