തൃശൂർ: ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിെൻറ കൊലപാതകക്കേസിന് അനുബന്ധമായി നീലച്ചിത്ര വിവാദവും. വസ്തു ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പറയുന്നതെങ്കിലും ഒരു പ്രമുഖൻ ഉൾപ്പെട്ട നീലച്ചിത്ര സീഡിയാണ് തർക്കവിഷയമെന്ന രഹസ്യവിവരവും പൊലീസിന് ലഭിച്ചു. സംസ്ഥാനത്ത് വൻകിട ഭൂമി ഇടപാടുകൾ നടത്തുന്ന ശൃംഖലയിലെ കണ്ണികളാണ് ജോണിയും രഞ്ജിത്തും. സമീപകാലത്താണ് ഇവർ രാജീവിനൊപ്പം ചേർന്നത്. വസ്തു ഇടപാടുകൾക്കായി സ്ത്രീകളെ ഇടനിലക്കാരാക്കുന്ന പതിവ് ഉണ്ടായിരുന്നുവേത്ര. ഇത്തരത്തിൽ ചില വഴിവിട്ട ബന്ധങ്ങളും രൂപപ്പെട്ടു. സംസ്ഥാനത്തെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഗ്രൂപ്പുകളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ജോണിക്ക് ബന്ധമുണ്ട്. മുന്‍ മന്ത്രി ജോസ് തെറ്റയില്‍ ഉള്‍പ്പെട്ട വിവാദ സീഡി പുറത്തുവന്നതിൽ ജോണിക്ക് പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു. നല്‍കാമെന്നേറ്റ തുക ജോണി നല്‍കാതിരുന്നതാണ് യുവതി പ്രശ്നമുണ്ടാക്കാൻ കാരണമെന്നാണ് ആക്ഷേപം.
പാലക്കാട് ജില്ലയിലും നെടുമ്പാശേരിയിലുമായി അഞ്ചുകോടി രൂപക്ക് സ്ഥലം വാങ്ങാന്‍ കൊച്ചിയിലെ അഭിഭാഷകൻ രാജീവിനെ നിയോഗിച്ചിരുന്നുവേത്ര. കച്ചവടം നടക്കാതായപ്പോള്‍ മുന്‍കൂര്‍ നല്കിയ പണം തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു. ഇതിൽ ജോണിയായിരുന്നു ഇടനിലക്കാരൻ. ഇക്കാര്യത്തിൽ ജോണിക്കും രാജീവിനോട് എതിർപ്പുണ്ടായിരുന്നു. രാജീവിനെ വസ്തു ബിസിനസില്‍നിന്ന് പുറത്താക്കുമെന്ന് ജോണി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴിയിലുണ്ട്. നെടുമ്പാശേരിയിലും അങ്കമാലിയിലും ചില വന്‍ ഇടപാടുകള്‍ രാജീവ് നടത്തിയത് ജോണിയെ അസ്വസ്ഥനാക്കിയിരുന്നു. രാജീവ് ഇടനില നിന്ന് വസ്തുവില്‍പനക്കാരും അഭിഭാഷകനുമായി രണ്ടു കരാറുകളാണ് ഉണ്ടാക്കിയത്. അഭിഭാഷകന് 50 ലക്ഷം മുന്‍കൂര്‍ നല്കി.എന്നാല്‍, രാജീവ് തുക കക്ഷികള്‍ക്ക് നല്‍കിയില്ലെന്നാണ് അഭിഭാഷകന് പൊലീസിന് നല്കിയ പരാതിയിൽ ഉണ്ടായിരുന്നത്. എന്നാൽ കച്ചവടം നടക്കാത്തതിന് പിന്നിൽ ജോണിയാണെന്നായിരുന്നു രാജീവിെൻറ ആക്ഷേപം.
അകൽച്ചയിലായതോടെ ചില ഇടപാടുകൾക്കിടയിൽ സ്ത്രീ വിഷയങ്ങളും ഇവർ പങ്കുവെച്ചിരുന്നു. സൗഹൃദകാലത്ത് ഇപ്പോഴത്തെ കേസിൽ സംശയിക്കപ്പെടുന്ന ഒരു പ്രമുഖൻറ നീലച്ചിത്രം രാജീവ് പകർത്തിയിരുന്നു. തന്ത്രപൂർവം ഇൗ സീഡി കൈക്കലാക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തത്. മദ്യലഹരിയിലായിരുന്നു പ്രതികളെങ്കിലും രാജീവിനെ മർദിച്ചിരുന്നില്ല. കൈകൾ പിറകിലേക്ക് മുറുക്കി കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തപ്പോൾ ശ്വാസം മുട്ടിയാണ് മരിച്ചത്. ഭൂമി ഇടപാടിലെ തർക്കത്തിനൊപ്പം ഈ സീഡി വീണ്ടെടുക്കാനും ക്വട്ടേഷൻ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
വ്യക്തമായ തെളിവ് കിട്ടുംവരെ അഭിഭാഷകനെ പരാമർശിക്കരുതെന്ന് നിർദേശം ചാലക്കുടിയിൽ ഭൂമി ഇടപാടുകാരൻ രാജീവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെപ്പറ്റി വ്യക്തമായ തെളിവ് കിട്ടുംവരെ പരാമർശങ്ങൾ പാടില്ലെന്ന് അന്വേഷണ സംഘത്തിന് നിർദേശം. തൃശൂർ റൂറൽ എസ്.പി യതീഷ് ചന്ദ്രക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് നിർദേശം നൽകിയത്. ഭരണതലത്തിൽ വലിയ സ്വാധീനമുള്ളയാൾ എന്നതിലുപരി പ്രമുഖ ക്രിമിനൽ അഭിഭാഷകനാണ് എന്നതിനാൽ എടുത്തുചാടി ഒന്നും പറയുകയും പ്രവർത്തിക്കുകയും വേണ്ടെന്നാണ് നിർദേശമെന്ന് അറിയുന്നു. ചാലക്കുടിയിൽ രാജീവ് കൊല്ലപ്പെട്ടുവെന്ന വിവരം കൊച്ചിയിലുള്ള അഭിഭാഷകനാണ് ഡിവൈ.എസ്.പി ഷാഹുൽ ഹമീദിനെ അറിയിച്ചത്. അതിന് മുമ്പ് അഭിഭാഷകെൻറ ഫോണിലേക്ക് എത്തിയ വിളി ജോണിയുടേതായിരുന്നു. വിവരം രഹസ്യമാക്കി വെക്കാതെ പൊലീസിനെ അറിയിച്ചതു വഴി നിയമപ്രകാരം വേണ്ടത് ചെയ്തുവെന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ അഭിഭാഷകൻ ഒരു മുഴം നീട്ടിയെറിഞ്ഞു.
അഭിഭാഷകനും രാജീവും ജോണിയുമായി ബന്ധപ്പെട്ട ചില വസ്തു ഇടപാട് രേഖകളും ഫോൺ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വസ്തു ഇടപാടുകളിൽ വ്യക്തത വരുത്താനുള്ള അന്വേഷണം നടക്കുകയാണ്. കൊലപാതകം നടന്ന് 10 മണിക്കൂറിനകം പ്രതികളെയും 48 മണിക്കൂറിനകം ഗൂഢാലോചന നടത്തിയവരെയും പിടികൂടാനായി എന്നാണ് പൊലീസിെൻറ വിശ്വാസം. രാജീവിെൻറ ബന്ധുക്കൾ അഭിഭാഷകനെതിരെ പരസ്യമായ നിലപാടെടുത്ത സാഹചര്യത്തിൽ അദ്ദേഹത്തെ കേസിൽ പ്രതി ചേർക്കേണ്ടി വരുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശമേത്ര.
രാജീവിനെ തട്ടിക്കൊണ്ടുവന്നത് ഉദയഭാനുവിന് വേണ്ടി –റിമാൻഡ് റിപ്പോർട്ട് ചാലക്കുടിയിൽ ഭൂമി ഇടപാടുകാരൻ രാജീവിെൻറ കൊലപാതകത്തിൽ അഡ്വ. സി.പി. ഉദയഭാനുവിനെ ഉൾപ്പെടുത്തി പൊലീസിെൻറ റിമാൻഡ് റിപ്പോർട്ട്. ഉദയഭാനുവിന് കൂടി വേണ്ടിയാണ് രാജീവിനെ പ്രതികൾ തട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് കേസിൽ തിങ്കളാഴ്ച അറസ്റ്റിലായ ജോണി, രഞ്ജിത്ത് എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നു. അദ്ദേഹത്തിെൻറ പേരെടുത്തു പറഞ്ഞാണ് റിമാൻഡ് റിപ്പോർട്ടിൽ കാര്യങ്ങൾ വിശദീകരിക്കുന്നത്. കൃത്യം നടത്തിയ ഷൈജുവിെൻറയും ക്വട്ടേഷൻ നൽകിയ ജോണിയുടെയും കൂട്ടാളി രഞ്ജിത്തിെൻറയും മൊഴികളിലും ഉദയഭാനുവുമായുള്ള ബന്ധങ്ങളും തർക്കങ്ങളും പറയുന്നുണ്ട്. ഇവരുടെ മൊഴിയിൽനിന്ന് ഉദയഭാനുവിെൻറ ഇടപെടലുകൾ വ്യക്തമാകുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വസ്തു ഇടപാട് സംബന്ധിച്ച തർക്കം തന്നെയാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. ഉദയഭാനുവിനെതിരെയുള്ള ആരോപണങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിക്കുകയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് കോടതിയെ അറിയിച്ചു.
അഭിഭാഷകൻ മുൻകൂർ ജാമ്യത്തിന് ചാലക്കുടി പരിയാരത്തെ ഭൂമി ഇടപാടുകാരൻ രാജീവിെൻറ കൊലപാതകത്തിൽ ആരോപണവിധേയനായ അഭിഭാഷകൻ ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചന. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അപേക്ഷ സമർപ്പിക്കുമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഹൈകോടതിയിലെ ചില അഭിഭാഷകരാണ് ഇക്കാര്യം കൈമാറിയതത്രെ. എന്നാൽ, അഭിഭാഷകന് മുൻകൂർ ജാമ്യം ലഭിക്കാൻ പൊലീസ് സൗകര്യം ചെയ്യുകയാണെന്ന് രാജീവിെൻറ ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. നിലവിൽ അഭിഭാഷകനെതിരെ രാജീവിെൻറ പഴയ പരാതി മാത്രമാണുള്ളത്. അതുെവച്ച് കൊലക്കേസിൽ പ്രതിചേർക്കാനാകില്ല. ചോദ്യംചെയ്യൽ വൈകിപ്പിക്കാൻ കാരണവും അതാണെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.