ചാലക്കുടി നഗരസഭയുടെ പിടിവാശിയിൽ മൃതദേഹം സംസ്‌കരിക്കുന്നത്​ വൈകിയെന്ന്​ പരാതി

ചാലക്കുടി: വയോധികയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് അനാവശ്യ സാങ്കേതിക തടസമുന്നയിച്ച് ചാലക്കുടി നഗരസഭാ ആരോഗ്യ വിഭാഗം. ആരോഗ്യ വിഭാഗത്തിൻെറ പിടിവാശി മൂലം സംസ്‌കാരം വൈകിയതായി പരാതി. തിങ്കളാഴ്ച പുലര്‍ച്ചെ നിര്യാതയായ കൊടകര കല്ലിങ്ങപ്പുറം രാമകൃഷ്ണൻെറ ഭാര്യ തങ്കമണിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനാണ് നഗരസഭ ആരോഗ്യവിഭാഗം  തടസ്സം ഉന്നയിച്ചത്. 

പുലര്‍ച്ചെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട തങ്കമണിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മാര്‍ഗമധ്യേ മരണമടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് പൊലീസ് നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഉച്ചതിരിഞ്ഞ്  മൂന്ന് മണിക്ക് മൃതദേഹം ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൻെറയും പൊലീസിൻെറയും കത്ത് ആവശ്യമാണെന്നായിരുന്നു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ആവശ്യം. 

ഇതുപ്രകാരം കത്ത് സംഘടിപ്പിച്ച് നല്‍കിയെങ്കിലും പൊലീസ് നല്‍കിയ കത്തില്‍ ക്രിമിറ്റോറിയത്തിൻെറ പേര് പരാമര്‍ശിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി സംസ്‌കാരത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. വീണ്ടും പൊലീസിനെ സമീപിച്ചപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദ്ദേശിച്ചതു പ്രകാരമുള്ള കത്ത്,  നിയമപ്രകാരം നല്‍കേണ്ടതില്ലെന്ന്​ അറിയിച്ചു. എങ്കിലും സംസ്‌കാരം തടസ്സപ്പെടാതിരിക്കാനായി പൊലീസ് കത്ത് തയാറാക്കി നല്‍കി. ഇതിനു ശേഷമാണ് സംസ്‌കരിക്കാനുള്ള നടപടികള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വീകരിച്ചത്. 

നിയമപരമല്ലാത്ത സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ച് സംസ്‌കരിക്കുന്നത് വൈകിപ്പിച്ച നടപടി മൃതദേഹത്തോടുള്ള അനാദരവാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചാലക്കുടി ഡിവൈ.എസ്​.പിക്ക് തങ്കമണിയുടെ മകന്‍ കല്ലിങ്ങപ്പുറം പ്രദീപ് പരാതി നല്‍കി.
 

Tags:    
News Summary - chalakkudi municipality indecency against deadbody; complaint -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.