Photo Courtesy: https://www.thenewsminute.com/
ഓയൂർ(കൊല്ലം): സാമൂഹിക നീതി വകുപ്പിന്റെ അനാസ്ഥ മൂലം പുനരധിവാസ കേന്ദ്രം കാടുകയറുന്നു. സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറിയും നിയമസഭാംഗവും ആയിരുന്ന സി.എച്ച് കണാരന്റെ മകൾ കോഴിക്കോട് എരഞ്ഞിപ്പാലം സരോജ് വിഹാറിൽ സരോജിനിയും ഭർത്താവ് കമലാസനനും മാനസിക പ്രശ്നങ്ങൾ നേരിടുന്നവരുടെ പുനരധിവാസത്തിനായി സർക്കറിന് വിട്ടു നൽകിയ സ്ഥലമാണ് ഇത്തരത്തിൽ നശിക്കുന്നത്.
വെളിയം സ്വദേശിയായ കമലാസനൻ, തന്റെ 84 സെൻറ് ഭൂമിയും രണ്ടു നില വീടുമാണ് കേന്ദ്രത്തിനായി നൽകിയിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മകൾ പ്രിയ ( 40 )യുടെ പേരിൽ 'പ്രിയ ഹോം ഫോർമെൻറലി ചലഞ്ച്ഡ് വിമൻ' എന്നാണ് കേന്ദ്രം വിഭാവനം ചെയ്തിരുന്നത്. തങ്ങളുടെ കാലശേഷം പ്രിയയുടെ സംരക്ഷണം സർക്കാറിന്റെ ചുമതലയിലാവുകയും ഒപ്പം മറ്റുള്ളവർക്കുമായി കേന്ദ്രം പ്രവർത്തിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ഉദ്ദേശം. 2018ലാണ് സാമൂഹിക നീതി വകുപ്പ് സ്ഥലം ഏറ്റെടുത്ത്. കെട്ടിടം നിർമ്മിക്കുന്നതിന് ധനവകുപ്പ് 29 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഒന്നും നടന്നില്ല.
കേന്ദ്രത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് നടത്തിപ്പിനായി വിട്ട് നൽകാനുള്ള നീക്കം നടന്നെങ്കിലും സ്ഥലം അന്യാധീനപ്പെടാനിടയാക്കുമെന്നതിനാൽ കമലാസനൻ അതിനെ അനുകൂലിച്ചില്ല. സർക്കാരല്ലാതെ സ്വകാര്യ ഏജൻസി ഏറ്റെടുത്താൽ ഉദ്ദേശിച്ച ലക്ഷ്യം നടക്കില്ലെന്നും സർക്കാർ നേതൃത്വത്തിൽ തന്നെ കെട്ടിടം നിർമിച്ച് പ്രവർത്തനം നടത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതിനിടെ, കെട്ടിട നിർമാതാക്കൾ വസ്തുവും വീടും സന്ദർശിച്ച ശേഷം 60 കിടക്കകൾക്ക് നിലവിൽ സാധ്യത ഉണ്ടെന്ന് വലയിരുത്തിയിരുന്നു. സാമൂഹിക നീതി വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ പഞ്ചായത്തിനും തുടർ നടപടികളുടെ കാര്യത്തിൽ പരിമിതിയുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.