കോട്ടയം: കൊപ്ര സംഭരണത്തിനുള്ള ഏജൻസിയായി കേരഫെഡിനെകൂടി പരിഗണിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ പൂർണമായും തള്ളി. ആ സാഹചര്യത്തിൽ ബദൽ സംവിധാനം ഒരുക്കാൻ കേരളം നീക്കം ആരംഭിച്ചു. എന്നാൽ, കേരഫെഡിന്റെ സഹായമില്ലാതെ ഇത് എത്രത്തോളം വിജയകരമാകുമെന്ന ആശങ്കയും നിലവിലുണ്ട്.
നാഫെഡ് മുഖേനയാണ് കൊപ്ര സംഭരണം നടക്കുന്നത്. അതിനായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസിയായി മാർക്കറ്റ് ഫെഡിന് പുറമെ കേരഫെഡിനെകൂടി ഉൾപ്പെടുത്തണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. കഴിഞ്ഞ വർഷവും കേരഫെഡ് വഴിയുള്ള കൊപ്ര സംഭരണം പൂർണമായും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇക്കുറി കേരഫെഡിനെ പൂർണമായും ഒഴിവാക്കുകയായിരുന്നു. വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന ഏജൻസികൾക്ക് കൊപ്ര സംഭരിക്കാൻ അനുവാദമില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് കേരഫെഡിനെ ഒഴിവാക്കിയത്. ആ സാഹചര്യത്തിൽ നാഫെഡ് മുഖേനയുള്ള കൊപ്ര സംഭരണത്തിന് മാർക്കറ്റ് ഫെഡിന് പുറമെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയെ (വി.എഫ്.പി.സി.കെ) കൂടി ഉൾപ്പെടുത്തി സംഭരണം വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
കൊപ്ര സംഭരണം കർഷകർക്ക് വേണ്ടിയാണെന്നും കേന്ദ്രം അനുമതി നിഷേധിച്ചാലും ബദൽ സംവിധാനമുണ്ടാക്കുമെന്നും മന്ത്രി പി. പ്രസാദ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വി.എഫ്.പി.സി.കെയെ ഉൾപ്പെടുത്തി കൊപ്ര സംഭരണം വിപുലീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കേന്ദ്രങ്ങളിൽനിന്നും അധികമായി കൊപ്ര സംഭരിക്കുന്നതിലൂടെ കേരളത്തിലെ കർഷകർക്ക് അതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. കഴിഞ്ഞ വർഷവും സർക്കാറിന്റെ ആവശ്യം തള്ളിയതിനെ തുടർന്ന് മാർക്കറ്റ് ഫെഡിന്റെ നേതൃത്വത്തിലായിരുന്നു കൊപ്ര സംഭരണം നടന്നത്. 255 ടൺ കൊപ്രയാണ് കഴിഞ്ഞ വർഷം നാഫെഡ് സംഭരിച്ചത്. അന്ന് കേരഫെഡിലൂടെ പച്ചത്തേങ്ങ സംവരണം ഊർജിതമാക്കിയാണ് നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്.
പുതിയ സാഹചര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾ, വി.എഫ്.പി.സി.കെയുടെ സ്വാശ്രയ കർഷക സംഘടനകൾ എന്നിവ മുഖേന കർഷകർ ഉൽപാദിപ്പിക്കുന്ന കൊപ്ര സംഭരിക്കാനാകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങൾ അനുവദിച്ച് പച്ചത്തേങ്ങ സംഭരണം തുടരാനുമാണ് തീരുമാനം. കഴിഞ്ഞ വർഷം 12,069.21 മെട്രിക് ടൺ പച്ചത്തേങ്ങയാണ് സംഭരിച്ചത്. ഈ വർഷം പച്ചത്തേങ്ങ സംഭരിക്കാൻ തുടങ്ങി മൂന്ന് മാസത്തിനകം 7,548 ടൺ പച്ചത്തേങ്ങ സംഭരിച്ചതായി മന്ത്രി പറഞ്ഞു. കൊപ്ര സംഭരണത്തിൽ കേന്ദ്ര സഹായത്തിന് പുറമെ താങ്ങുവില ഉറപ്പാക്കാൻ സംസ്ഥാന വിഹിതം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.