തിരുവനന്തപുരം: ശമ്പളവും പെൻഷനും സുഗമമാക്കുന്നതിന് സർക്കാർ 1500 കോടി രൂപ കടമെടുക്കുന്നു. സാമ്പത്തിക വർഷത്തിൽ ഓരോ മൂന്നു മാസം കൂടുമ്പോഴാണ് അനുവദിച്ച പരിധിയിൽനിന്ന് സംസ്ഥാനത്തിന് കടമെടുക്കാൻ കേന്ദ്രം അനുമതി നൽകുന്നത്.
അതേസമയം ഡിസംബർവരെയുള്ള പാദത്തിൽ ഇനി 52 കോടിയേ കടമെടുക്കാൻ ബാക്കിയുള്ളൂ. എന്നാൽ, ജനുവരിമുതൽ മാർച്ച് വരെയുള്ള പാദത്തിൽ 3800 കോടി കടമെടുക്കാം. ശമ്പളവും പെൻഷനുമടക്കമുള്ള ചെലവിന്റെ കാര്യത്തിൽ വലിയ ഞെരുക്കം നേരിടുന്ന സാഹചര്യത്തിൽ ജനുവരി-മാർച്ച് കാലയളവിലെ അനുവദനീയ പരിധിയിൽനിന്ന് മുൻകൂറായി 1500 കോടി കടമെടുക്കാൻ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടിയിരുന്നു. ഇതിന് കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിലാണ് 1500 കോടിയുടെ കടപ്പത്രങ്ങൾ പുറപ്പെടുവിക്കുന്നത്. ഇതിനായുള്ള ലേലം നവംബർ 28ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
പതിനഞ്ചാം ധനക്കമ്മീഷന്റെ ആദ്യ ഗഡുവായി കേരളത്തിന് അനുവദിക്കേണ്ടിയിരുന്നതും കേന്ദ്രം തടഞ്ഞുവെച്ചതുമായ 814 കോടിയിൽ 252 കോടി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. സംസ്ഥാനം നിരന്തരം സമ്മർദം ചെലുത്തിയതിനൊടുവിലാണ് തുക അനുവദിക്കാൻ വഴിയൊരുങ്ങിയത്. ഇതാണ് സംസ്ഥാനത്തിന്റെ മറ്റൊരു പിടിവള്ളി. കിഫ്ബിക്കും ക്ഷേമ പെന്‍ഷനുമായി എടുത്ത വായ്പകള്‍ പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കടമെടുക്കാവുന്നതിന്റെ പരിധി കേന്ദ്രം വെട്ടിക്കുറച്ചത്. കേരളത്തിന്റെ മൊത്തം ഉൽപാദനത്തിന്റെ മൂന്ന് ശതമാനമാണ് കടമെടുക്കാവുന്ന പരിധി. ഇത് നാല് ശതമാനമാക്കിയാല്‍ ഇനി 4,550 കോടി കൂടി കടമെടുക്കാനാകും.
ഇതിനുള്ള ശ്രമങ്ങളും സർക്കാറിന്റെ അജണ്ടയിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളത്തിനുമാത്രം വേണ്ടത് 3500 കോടി രൂപയാണ്. സാമൂഹികക്ഷേമ പെന്ഷന് നല്കാന് 900 കോടി രൂപ വേറെയും വേണം. ഒരുമാസത്തെ പെൻഷൻ വിതരണം നടക്കുന്നുണ്ടെങ്കിലും മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.