തിരുവനന്തപുരം: സർക്കാർ ഗാരന്റിയിൽ വിവിധ സ്ഥാപനങ്ങളുടെ കടമെടുപ്പുകൾക്ക് ഗാരന്റി റിഡംപ്ഷൻ ഫണ്ട് (ജി.ആർ.എഫ്) കേന്ദ്രം കർശനമാക്കിയതോടെ, നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം അനുമതി നൽകി. സർക്കാർ ഗാരന്റിയുടെ പുറത്തുള്ള ഇത്തരം കടമെടുക്കലുകളിൽ വായ്പ തുകയുടെ നിശ്ചിത ശതമാനം ജി.ആർ.എഫിൽ സർക്കാർ മാറ്റിവെക്കണമെന്നതാണ് കേന്ദ്ര നിഷ്കർഷ. ജി.ആർ.എഫ് രൂപവത്കരിക്കാത്ത പക്ഷം എത്രയാണോ സർക്കാർ ഗാരന്റിവഴി വായ്പയെടുത്തത് തത്തുല്യമായ തുകയോ അല്ലെങ്കിൽ സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ 0.25 ശതമാനമോ സംസ്ഥാനത്തിന്റെ 2025-26 വർഷത്തെ കടമെടുപ്പ് പരിധിയിൽനിന്ന് വെട്ടിക്കുറക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലുൾപ്പെടുത്തിയത് വലിയ തിരിച്ചടിയായതിന് പിന്നാലെയാണ് വീണ്ടും ബാധ്യതയാകുന്ന നിർദേശം. ജി.ആർ.എഫ് രൂപവത്കരണം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലുൾപ്പെടുത്തുന്നതും ഇതാദ്യമായാണ്.
ഏതെങ്കിലും കാരണത്താൽ സ്ഥാപനങ്ങൾ പണം തിരിച്ചടച്ചില്ലെങ്കിൽ വായ്പ സർക്കാർ ഏറ്റെടുക്കുന്നതിന് ബഫർ ഫണ്ട് എന്ന നിലയിലാണ് റിസർവ് ബാങ്കിൽ ജി.ആർ.എഫ് രൂപവത്കരിക്കുന്നത്. ഈ ഫണ്ടിലെ നിക്ഷേപം അഞ്ചുവർഷം കൊണ്ട് സർക്കാർ ഉറപ്പിലൂടെ കടമെടുത്ത ആകെ തുകയുടെ അഞ്ച് ശതമാനം എന്ന തോതിലേക്ക് ഉയർത്തണമെന്നും നിർദേശമുണ്ട്. 2025 ഏപ്രിൽ ഒന്നായിരുന്നു ബഫർ ഫണ്ട് രൂപവത്കരിക്കാനുള്ള അവസാന സമയപരിധിയെങ്കിലും രണ്ടു മാസം വൈകിയാണ് സംസ്ഥാനം തീരുമാനമെടുത്തത്. കിഫ്ബിയും പെൻഷൻ കമ്പനിയും വായ്പയെടുത്തതിന്റെ പേരിലും സർക്കാറിന്റെ പബ്ലിക് അക്കൗണ്ടിൽ വന്ന നിക്ഷേപങ്ങളുടെ പേരിലും ആകെ 15,000 കോടിയോളം രൂപ കടമെടുപ്പിൽ കേന്ദ്രം വെട്ടിക്കുറച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ഈ വർഷം 39,876 കോടി രൂപ വായ്പയെടുക്കാമെന്നാണ് കേന്ദ്രം കണക്കാക്കിയിട്ടുള്ളത്.
കേന്ദ്ര നിർദേശം നടപ്പാക്കണമെങ്കിൽ ഈ സാമ്പത്തിക വർഷം 600 കോടി രൂപ സർക്കാർ നീക്കിവെക്കണം. റവന്യൂ കമ്മി നേരിടുന്ന സംസ്ഥാനമെന്ന നിലയിൽ കടമെടുത്ത പണമുപയോഗിച്ച് മാത്രമേ ജി.ആർ.എഫിൽ നിക്ഷേപം നടത്താനാകൂ. നിലവിൽ 61 സ്ഥാപനങ്ങൾക്കാണ് സർക്കാർ ഗാരന്റി നിൽക്കുന്നത്. മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ആകെ ഗാരന്റി തുക 40,000 കോടി രൂപയോളം വരും. കെ.എസ്.എഫ്.ഇക്കാണ് ഏറ്റവും കൂടുതൽ-15,000 കോടി. കാർഷിക ഗ്രാമവികസന ബാങ്ക് -6,439 കോടി, പെൻഷൻ കമ്പനി -5,320 കോടി, പിന്നാക്ക വികസന കോർപറേഷൻ -4,602 കോടി, കെ.എസ്.ആർ.ടി.സി -3,048 കോടി എന്നിങ്ങനെയാണ് മറ്റ് സ്ഥാപനങ്ങളുടെ സർക്കാർ ഉറപ്പിലെ വായ്പ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.