തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി 529.50 കോടിയുടെ പലിശ രഹിത മൂലധന നിക്ഷേപ വായ്പ (കാപെക്സ്) അനുവദിച്ച് കേന്ദ്രസർക്കാർ. മുണ്ടക്കൈ, ചൂരല്‍മല മേഖലയുടെ പുനർനിർമാണത്തിനായി 2000 കോടിയുടെ ഗ്രാന്റാണ് കേരളം പ്രതീക്ഷിച്ചതെങ്കിലും 50 വർഷത്തേക്കുള്ള ദീർഘകാല വായ്പയായാണ് കേന്ദ്ര സഹായം.
കേന്ദ്രസർക്കാറിന്റെ ഡിമാൻഡ് 42ലെ ‘സംസ്ഥാനങ്ങൾക്കുള്ള വായ്പകളും മുൻകൂറുകളും’ എന്ന ഇനത്തിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പ്രത്യേക സന്ദർഭങ്ങളിൽ മൂലധനനിക്ഷേപം നടത്താനുള്ള വകുപ്പാണിത്.
16 പദ്ധതികള്‍ക്കായി കർശന ഉപാധികളോടെയാണ് കടം. നടപ്പുസാമ്പത്തിക വര്‍ഷത്തേക്കാണ് (2024-25) പണം അനുവദിച്ചിരിക്കുന്നത്. 2025 മാര്‍ച്ച് 31ന് മുമ്പ് പണം വിനിയോഗിച്ച് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് പ്രധാന നിബന്ധന. ഒന്നരമാസം കൊണ്ട് 529.50 ചെലവഴിക്കൽ എങ്ങനെ പ്രായോഗികമാകുമെന്നതിൽ കൃത്യമായ വിശദീകരണമില്ല.
ഫണ്ട് മറ്റൊരു ഏജൻസിക്ക് നൽകി എക്സ്പെൻഡിച്ചറായി കണക്കാക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാനാണ് സർക്കാർ തീരുമാനം. സാമ്പത്തിക വർഷത്തിന്റെ അവസാന സമയത്ത് പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിർദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങളുടെ പ്രതികരണം.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങൾ, ജലസേചന പദ്ധതികൾ, കുടിവെള്ള പദ്ധതികൾ, പാലങ്ങൾ, റോഡുകൾ തുടങ്ങി 16 പദ്ധതികൾക്കാണ് അനുമതി. ഇതുമായി ബന്ധപ്പെട്ട് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്. ഗ്രാന്റിനുള്ള ആവശ്യത്തിനൊപ്പം കാപെക്സ് വായ്പയും കേരളം ആവശ്യപ്പെട്ടിരുന്നു. ഗ്രാന്റിന് മുഖംകൊടുക്കാതെയാണ് വായ്പാവശ്യകത പരിഗണിച്ചത്. അനുവദിച്ച പദ്ധതികള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വകമാറ്റി ചെലവഴിക്കരുതെന്ന കര്‍ശന നിര്‍ദേശവും ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്തിലുണ്ട്. അങ്ങനെ വന്നാല്‍ വായ്പ വെട്ടിച്ചുരുക്കും. ആവര്‍ത്തന പദ്ധതികളും പാടില്ലെന്നതാണ് മറ്റൊരു നിർദേശം.
2025 മാര്‍ച്ച് 31ന് മുമ്പ് പദ്ധതികള്‍ പൂര്‍ത്തിയാക്കി കണക്ക് സമര്‍പ്പിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചന നടത്തി തുടർനടപടി സ്വീകരിക്കുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാൽ പറഞ്ഞു. വയനാട് പുനരധിവാസത്തിന് സംസ്ഥാന സർക്കാർ ബജറ്റിൽ 750 കോടി നീക്കിവെച്ചിരുന്നു.
തിരുവനന്തപുരം: വയനാടിന് അനുവദിച്ച 530 കോടിയും മാർച്ച് 31നുള്ളിൽ ചെലവഴിച്ച് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകൽ വലിയ വെല്ലുവിളിയും പ്രായോഗിക പ്രശ്നവുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രായോഗികമായി എങ്ങനെ ഇത് സാധ്യമാകും എന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പരമാവധി വിനിയോഗിക്കാനാണ് ശ്രമിക്കുന്നത്. 2000 കോടിയുടെ ഗ്രാന്റാണ് കേരളം പ്രതീക്ഷിച്ചിരുന്നത്. ഗ്രാന്റിന് പുറമേ വായ്പയും ചോദിച്ചിരുന്നു.
ഇത്തരം ദുരന്തങ്ങൾ ഏത് സംസ്ഥാനത്തിനാണെങ്കിലും ഗ്രാന്റാണ് നൽകേണ്ടത്. ഇപ്പോൾ അനുവദിച്ചത് തന്നെ വളരെ വൈകി. കുറച്ചുകൂടി മുമ്പ് അനുവദിക്കാമായിരുന്നു. കേരളം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഒരു വർഷത്തിനുള്ളിൽ ദുരിതാശ്വാസത്തിന്റെ ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.