വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയ വേദിയിലേക്ക്; തെരഞ്ഞെടുപ്പുകളിൽ ഭാഗ്യം പരീക്ഷിച്ച താരങ്ങളും സാഹിത്യകാരൻമാരും

കൊച്ചി: സിനിമയിൽ അഭിനയിക്കും. കഥയും നോവലും കവിതയും എഴുതും. എന്നു കരുതി എല്ലാ കാലത്തും ഇതൊക്കെ മാത്രം ചെയ്തിരുന്നാൽ മതിയോ? നാടോടുമ്പോൾ അരികിലൂടെയെങ്കിലും ഓടണമല്ലോ. ഈ ചിന്തയിൽ രാഷ്ട്രീയത്തിലും ഒരുകൈ നോക്കാനിറങ്ങി നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ച സിനിമക്കാരും എഴുത്തുകാരും ധാരാളം. ചിലർ സൂപ്പർ ഹിറ്റ് വിജയം നേടി. മറ്റു ചിലർ ബോക്സ് ഓഫിസ് പരാജയവുമായി രാഷ്ട്രീയത്തോട് ഗുഡ്ബൈ പറഞ്ഞു.

ഏറ്റവും കൂടുതൽ തവണ നിയമസഭയുടെ ലൊക്കേഷനിലെത്തിയ നടൻ ഗണേഷ് കുമാറാണ്. ഇരു മുന്നണികളിൽ നിന്നുമായി അഞ്ച് തവണ. മുകേഷ് രണ്ടുതവണ എം.എൽ.എയായി. ഇക്കുറി ഗണേഷ്‍കുമാറിന് (പത്തനാപുരം) പുറമെ രമേഷ് പിഷാരടി (പാലക്കാട്), സുധീർ കരമന (തിരുവനന്തപുരം), അഞ്ജലി നായർ (തൃപ്പൂണിത്തുറ), വിവേക് ഗോപൻ (അരുവിക്കര), സിനിമ നിർമാതാക്കളായ മഞ്ഞളാംകുഴി അലി (മങ്കട), മാണി സി. കാപ്പൻ (പാല), സംവിധായകരായ മേജർ രവി (ഒറ്റപ്പാലം), അഖിൽ മാരാർ (തൃക്കാക്കര), പിന്നണി ഗായിക ദലീമ ജോജോ (അരൂർ), കവി ആലങ്കോട് ലീലാകൃഷ്ണൻ (തൃശൂർ) എന്നിവരാണ് കളത്തിലുള്ളത്.

1948ൽ അരണാട്ടുകരയിൽനിന്ന് കൊച്ചി രാജ്യത്തെ ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമായ ജോസഫ് മുണ്ടശ്ശേരിയിൽ തുടങ്ങുന്നു എഴുത്തുകാരുടെ തെരഞ്ഞെടുപ്പ് പോരാട്ടം. ഈ പരിചയം വെച്ച് മുണ്ടശ്ശേരി 1951ൽ തൃശൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും 14,000ഓളം വോട്ടിന് തോറ്റു. എന്നാൽ, 1957ൽ മണലൂരിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുണ്ടശ്ശേരി ആദ്യ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി. രണ്ടുതവണയും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു.

നാടകകൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ തോപ്പിൽ ഭാസി 1957ൽ പഴയ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് ആദ്യ കേരള നിയമസഭയിലെത്തി. എഴുത്തുകാരനും പിന്നീട് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മലയാറ്റൂർ രാമകൃഷ്ണൻ 1954ൽ കമ്യൂണിസ്റ്റ് പാർട്ടി സ്വതന്ത്രനായി പെരുമ്പാവൂരിൽനിന്ന് തിരു-കൊച്ചി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1962ൽ തലശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയായ സുകുമാർ അഴീക്കോടിനെ തോൽപ്പിച്ചാണ് കേരളത്തിന്‍റെ പ്രിയ സഞ്ചാര സാഹിത്യകാരൻ എസ്.കെ. പൊറ്റക്കാട് സി.പി.ഐ പിന്തുണയോടെ ലോക്സഭയിലെത്തിയത്. 1948ൽ തൃശൂരിൽ നിന്ന് തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരി ആനി തയ്യിൽ 1967ൽ മൂവാറ്റുപുഴയിൽനിന്ന് ലോക്സഭയിലേക്ക് കേരള കോൺഗ്രസ് സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു.

‘ചെമ്മീനി’ലൂടെ മലയാള സിനിമയെ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ രാമു കാര്യാട്ട് 1965ൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ പിന്തുണയോടെ നാട്ടികയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സത്യപ്രതിജ്ഞക്ക് മുമ്പ് നിയമസഭ പിരിച്ചുവിട്ടത് മൂലം അദ്ദേഹത്തിന് എം.എൽ.എയാകാനായില്ല.

1987ൽ എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ പ്രഫ. എം.കെ. സാനു സി.പി.എം പ്രതിനിധിയായാണ് എറണാകുളത്തുനിന്ന് നിയമസഭയിലെത്തിയത്. 1994ൽ ഉപതെരഞ്ഞെടുപ്പിലും ’96ൽ പൊതുതെരഞ്ഞെടുപ്പിലും സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് ഗുരുവായൂരിൽനിന്ന് സി.പി.എം സ്വതന്ത്രനായി നിയമസഭയിലേക്ക് വിജയിച്ചു. 1996ൽ സി.പി.എം സ്വതന്ത്രൻ കവി കടമ്മനിട്ട രാമകൃഷ്ണൻ ആറൻമുളയിൽനിന്ന് എം.എൽ.എയായത് കേരള രാഷ്ട്രീയത്തിലെ അതികായൻ എം.വി. രാഘവനെ മലർത്തിയടിച്ചാണ്.

2001ൽ ബേപ്പൂരിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയും (ബി.ജെ.പി) 2016ൽ പത്തനാപുരത്ത് നടൻ ജഗദീഷും (കോൺഗ്രസ്) നടൻ ഭീമൻ രഘുവും (ബി.ജെ.പി) 2016ൽ കൊടുവള്ളിയിൽ സംവിധായകൻ അലി അക്ബറും (ബി.ജെ.പി) തിരുവനന്തപുരം സെൻട്രലിൽ ക്രിക്കറ്റ് താരം ശ്രീശാന്തും (ബി.ജെ.പി) 2004ൽ വടക്കാഞ്ചേരിയിലും 2006ൽ തിരുവനന്തപുരം വെസ്റ്റിലും നടൻ ദേവനും (കേരള പീപ്പിൾസ് പാർട്ടി) 2021ൽ നടൻ ധർമജൻ ബോൾഗാട്ടിയും (ബാലുശ്ശേരി) നിയമസഭ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ചരിത്രവുമുണ്ട്

Tags:    
News Summary - Celebrities and Writers Who Tried Their Luck in Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.