തൃശൂർ: സി.പി.ഐ തൃശൂർ ജില്ല സമ്മേളനം കഴിഞ്ഞതോടെ പാർട്ടിക്കുള്ളിൽ വിഭാഗീയതയും വിവാദവും രൂക്ഷമാകുന്നു. നാട്ടിക എം.എൽ.എയും മുതിർന്ന നേതാവുമായ സി.സി. മുകുന്ദനെ ജില്ല കൗൺസിൽ, ജില്ല സെക്രട്ടേറിയറ്റ്, സംസ്ഥാന സമ്മേളന പ്രതിനിധി തുടങ്ങിയവയിലൊന്നും ഉൾപ്പെടുത്താതിരുന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്. പാർട്ടി ഒരു വിഭാഗത്തിന്റെ കൈകളിൽ അമരുന്നുവെന്നും താഴേത്തട്ടിൽനിന്ന് പ്രവർത്തിച്ചുവരുന്നവരെയും ദലിത് വിഭാഗത്തെയും അവഗണിക്കുന്നുവെന്നുമുള്ള ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്.
സി.സി. മുകുന്ദൻ എം.എൽ.എയെ തുടർച്ചയായി അവഗണിക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും ഇതുമൂലമാണെന്ന് ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും കുറ്റപ്പെടുത്തുന്നു. മുൻ പ്രൈവറ്റ് സെക്രട്ടറി നടത്തിയ തിരിമറിക്കെതിരെ നടപടി സ്വീകരിച്ചതാണ് എം.എൽ.എയെ ഒഴിവാക്കാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
അതേസമയം, നിലവിലെ കമ്മിറ്റിയിലെ 20 ശതമാനം പേരെ ഒഴിവാക്കിയപ്പോൾ അതിൽ സി.സി. മുകുന്ദനും ഉൾപ്പെടുകയായിരുന്നുവെന്നാണ് പാർട്ടി ഔദ്യോഗിക വിശദീകരണം. ജില്ലയിൽനിന്നുള്ള മറ്റ് എം.എൽ.എമാരും നേതാക്കളുമെല്ലാം കമ്മിറ്റിയിൽ ഉൾപ്പെട്ടപ്പോൾ സി.സി. മുകുന്ദൻ മാത്രം ഈ 20 ശതമാനത്തിൽ ഉൾപ്പെട്ടതിനെ പ്രവർത്തകരും പ്രാദേശിക നേതാക്കളും ചോദ്യംചെയ്യുന്നുണ്ട്. ജാതിയടക്കം അവഗണനക്ക് കാരണമാണെന്നും അവർ കുറ്റപ്പെടുത്തുന്നു. തന്റെ ജാതിയടക്കം പാർട്ടി നേതൃത്വത്തിന്റെ നടപടിക്ക് കാരണമായിട്ടുണ്ടെന്ന് സംശയിക്കുന്നതായി നേരത്തേ എം.എൽ.എ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, സി.സി. മുകുന്ദനെ അനുനയിപ്പിക്കണമെന്നും പ്രശ്നങ്ങളുണ്ടാക്കാതെ മുന്നോട്ടുപോകണമെന്നുമുള്ള അഭിപ്രായവും പാർട്ടിയിൽ ഉരുത്തിരിഞ്ഞുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ചുമതലയേറ്റ പാർട്ടി സെക്രട്ടറി കെ.ജി. ശിവാനന്ദൻ നേരിടുന്ന ആദ്യ വെല്ലുവിളിയും സി.പി.ഐ ഏറ്റവും ശക്തമായ ജില്ലയിലെ പൊട്ടിത്തെറിയാണ്.
അതേസമയം, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നാട്ടികയിൽ മത്സരിക്കാനുദ്ദേശിക്കുന്ന ചിലരും ഈ നടപടിക്കു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് സി.സി. മുകുന്ദനോട് അടുപ്പമുള്ള നേതാക്കൾ ‘മാധ്യമ’ത്തോട് പറഞ്ഞു. സി.പി.ഐ രീതിയനുസരിച്ച് രണ്ടു വട്ടം തുടർച്ചയായി നിയമസഭയിലേക്ക് മത്സരിക്കാം. ആദ്യ ടേമിൽ എം.എൽ.എയായ സി.സി. മുകുന്ദനെ അടുത്ത തവണ മാറ്റിനിർത്തുന്നതിന് കാരണമുണ്ടാക്കുകയെന്നതാണ് നടപടിക്ക് പിന്നിലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.