കെ.ടി.യു വി.സി ഡോ. സിസക്ക്​ സർക്കാറിന്‍റെ കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: ഗവർണർ സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല നൽകിയ ഡോ. സിസ തോമസിന്​ സർക്കാറിന്‍റെ കാരണം കാണിക്കൽ ​നോട്ടീസ്​. സാ​ങ്കേതിക വിദ്യാഭ്യാസ ഡയറക്​ടറേറ്റിൽ സീനിയർ ജോയന്റ് ഡയറക്ടർ പദവിയിലിരിക്കെ സർക്കാർ അനുമതി വാങ്ങാതെ വി.സിയുടെ അധിക ചുമതല ഏറ്റെടുത്തതിനാണ്​ ​ഉന്നത വിദ്യാഭ്യാസ വകുപ്പ്​ സെക്രട്ടറി നോട്ടീസ്​ നൽകിയത്​. ഡോ. സിസ മാർച്ച്​ 31ന്​ വിരമിക്കാനിരിക്കെയാണ്​ സർക്കാർ നടപടി.

സർക്കാർ അനുമതിയില്ലാതെ വി.സിയുടെ ചുമതല ഏറ്റെടുത്തത്​ കേരള സർവിസ് ചട്ടത്തിന്റെ ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്നും അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു​. രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി.

നേരത്തേ ഡോ. സിസയെ സീനിയർ ജോയന്‍റ്​ ഡയറക്ടർ തസ്തികയിൽ നിന്ന്​ മാറ്റുകയും പിന്നീട്​ അഡ്​മിനിസ്​ട്രേറ്റിവ്​ ട്രൈബ്യൂണൽ ഉത്തരവ്​ പ്രകാരം തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ്​ കോളജ്​ പ്രിൻസിപ്പലായി മാറ്റി നിയമനം നൽകുകയും ചെയ്തിരുന്നു. ബുധനാഴ്ച പ്രിൻസിപ്പലിന്‍റെ ചുമതല ഏറ്റെടുത്തതിന്​ പിന്നാലെയാണ്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകിയത്​.

സർക്കാർ നിർദേശിച്ച പേരുകൾ തള്ളി ഡോ. സിസക്ക്​ വി.സിയുടെ ചുമതല നൽകിയ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഡോ. സിസ വി.സിയുടെ ചുമതല ഏറ്റെടുത്തതിന്​ പിന്നാലെ കാരണം കാണിക്കൽ നോട്ടീസ്​ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, വി.സി നിയമനം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ അഡ്വക്കറ്റ്​ ജനറലിന്‍റെ ഉപദേശ പ്രകാരമാണ്​ അന്ന്​ നോട്ടീസ്​ നൽകാതിരുന്നത്​.

സുപ്രീംകോടതി ഉത്തരവിലൂടെ സാ​ങ്കേതിക സർവകലാശാല വി.സി പദവിയിൽനിന്ന്​ പുറത്തായ ഡോ. എം.എസ്. രാജശ്രീ സാ​ങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ തി​രികെയെത്തിയതോടെ സിസ ചുമതല വഹിച്ചിരുന്ന സീനിയർ ​ജോയന്‍റ്​ ഡയറക്ടർ പദവിയിൽ നിയമനം നൽകുകയായിരുന്നു. ഇതിനെതിരെ ഡോ. സിസ അഡ്​മിനിസ്​ട്രേറ്റിവ്​ ട്രൈബ്യൂണലിനെ സമീപിക്കുകയും പകരം നിയമനം തിരുവനന്തപുരത്ത്​ നൽകണമെന്ന ഉത്തരവ്​ സമ്പാദിക്കുകയും ചെയ്യുകയായിരുന്നു.  

Tags:    
News Summary - Cause notice by Kerala government to KTU VC Dr. Sisa Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.