ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാട്​ കീശ ചോര്‍ത്തും

കൊച്ചി: പണരഹിത ഇന്ത്യയിലേക്കുള്ള ചുവടുവെപ്പിന്‍െറ ഭാഗമായി ‘പെട്രോള്‍പമ്പില്‍ കാര്‍ഡ് ഉപയോഗിക്കൂ’ എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനംകേട്ടാണ്  എറണാകുളം നഗരമധ്യത്തിലെ പെട്രോള്‍പമ്പില്‍ ക്രെഡിറ്റ് കാര്‍ഡുമായി കയറിയത്. ‘‘പ്രധാനമന്ത്രി അങ്ങനെയൊക്കെ പറയും; കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിച്ചാല്‍ രണ്ടര ശതമാനം സര്‍വിസ് ചാര്‍ജും അതിന്‍െറ 14 ശതമാനം സര്‍വിസ് ടാക്സും സെസും നല്‍കണം’’ എന്നായിരുന്നു പമ്പ് ഓപറേറ്ററുടെ നിര്‍ദേശം. 500 രൂപക്ക് പെട്രോള്‍ അടിച്ചാല്‍ ചുരുങ്ങിയത് 520 രൂപ നല്‍കേണ്ടിവരും. ചില പമ്പുകളില്‍ മിനിമം 250 രൂപക്കെങ്കിലും പെട്രോള്‍ അടിച്ചാലേ കാര്‍ഡ് സ്വീകരിക്കൂ എന്ന നിബന്ധനയുമുണ്ട്. ഇതേ നിബന്ധനകള്‍ കച്ചവടസ്ഥാപനങ്ങളിലുമുണ്ട്.  ബാങ്കില്‍ പണമിട്ട് അതില്‍നിന്ന് ചെലവഴിക്കാവുന്ന ഡെബിറ്റ് കാര്‍ഡുമായി ഇറങ്ങിയാലുമുണ്ട് ഇത്തരം നിബന്ധനകളും സര്‍വിസ് ചാര്‍ജും. ‘പണരഹിത ഇന്ത്യ’യിലേക്കുള്ള ഓരോ ചുവടുവെപ്പും സാധാരണക്കാരുടെ പോക്കറ്റ് ചോര്‍ത്തുന്ന പദ്ധതികളായി മാറുകയാണ്.  പണം ചോര്‍ത്തുന്ന വഴികള്‍ ഇങ്ങനെ:
ബാങ്കില്‍ അക്കൗണ്ട് തുറക്കുമ്പോള്‍തന്നെ എ.ടി.എം കാര്‍ഡ് എന്നുകൂടി വിളിക്കുന്ന ഡെബിറ്റ് കാര്‍ഡിനുള്ള അപേക്ഷയും വാങ്ങും. ദിവസങ്ങള്‍ക്കകം കാര്‍ഡ് കൈയിലത്തെുകയും ചെയ്യും. ഇത് സൗജന്യമാണെന്നാണ് സാധാരണക്കാരില്‍ പലരുടെയും വിശ്വാസം.
അക്കൗണ്ടില്‍നിന്നുള്ള ഇടപാടുകള്‍കൂടി കണക്കിലെടുത്ത് സില്‍വര്‍, ഗോള്‍ഡ്, പ്ളാറ്റിനം, ക്ളാസിക്, ഇലക്ട്രോണ്‍ തുടങ്ങി വിവിധയിനം ഡെബിറ്റ് കാര്‍ഡുകളാണ് അനുവദിക്കുന്നത്. അനുവദിക്കുന്ന കാര്‍ഡിന്‍െറ ഇനമനുസരിച്ച് 100 മുതല്‍ 408 രൂപ വരെ അക്കൗണ്ടില്‍നിന്ന് ആദ്യംതന്നെ ഈടാക്കും. ഇതുകൂടാതെ  വാര്‍ഷിക ഫീസ് വേറെയുമുണ്ട്. 100 മുതല്‍ 300 രൂപവരെയും സര്‍വിസ് ടാക്സുമാണ് വാര്‍ഷിക ഫീസ്. കാര്‍ഡ് നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്താല്‍  പുതിയത് അനുവദിക്കണമെങ്കില്‍ 204 രൂപ വേറെ നല്‍കണം. പിന്‍കോഡ് നഷ്ടപ്പെട്ടാല്‍ പുതിയത് അനുവദിക്കണമെങ്കില്‍ 51 രൂപയും നല്‍കണം. കാര്‍ഡ് ഇടപാടുകളെക്കുറിച്ച് മൊബൈല്‍ സന്ദേശംവഴി അറിയിക്കുന്ന വകയില്‍  മൂന്നു  മാസം കൂടുമ്പോള്‍ 15 മുതല്‍ 20 രൂപവരെ വേറെ നല്‍കണം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള 2000 രൂപവരെയുള്ള ഇടപാടിന് 0.75 ശതമാനവും അതിന് മുകളില്‍ ഒരു ശതമാനവും സര്‍വിസ് ചാര്‍ജും നല്‍കണം.
ഇത് ഡെബിറ്റ് കാര്‍ഡിന്‍െറ സ്ഥിതിയാണെങ്കില്‍, പിന്നീട് പണമടച്ചാല്‍ മതിയാകുന്ന ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തില്‍ കുറെക്കൂടി കര്‍ശനമാണ് കാര്യങ്ങള്‍. ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 400 രൂപ ജോയനിങ് ഫീസ്  നല്‍കണം. കാര്‍ഡ് വഴി ചെലവാക്കാവുന്ന പണത്തിന്‍െറ പരിധി ഉയരുന്നതനുസരിച്ച് ഈ തുക 700 മുതല്‍ ആയിരത്തിലധികംവരെയായി വര്‍ധിക്കും. ഇതേ തോതില്‍തന്നെ വാര്‍ഷിക ഫീസും നല്‍കണം. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ മറ്റു നടപടിക്രമങ്ങള്‍ക്കൊപ്പം 150 മുതല്‍ 300 രൂപവരെ പിഴയും ഈടാക്കും. പണം പിന്‍വലിച്ചാല്‍ പ്രതിമാസം മൂന്നു ശതമാനം പലിശയും നല്‍കണം;  3  6 ശതമാനം വാര്‍ഷിക പലിശ. ബ്ളേഡ് കമ്പനികളേക്കാള്‍ ഉയര്‍ന്ന നിരക്ക്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോള്‍ രണ്ടര ശതമാനവും അതിന്‍െറ സര്‍വിസ് ടാക്സും സെസും വേറെയും നല്‍കണം. പെട്രോള്‍പമ്പുകളില്‍  ഇന്ധനവിലയോടൊപ്പം സര്‍വിസ് ചാര്‍ജും ഈടാക്കുന്നത് പലപ്പോഴും ഇടപാടുകാരുമായി തകര്‍ക്കത്തിന് ഇടയാക്കുന്നതായി പെട്രോളിയം ഡീലേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് തോമസ് വൈദ്യന്‍ വിശദീകരിച്ചു.
ഇങ്ങനെ ഈടാക്കുന്ന സര്‍വിസ് ചാര്‍ജില്‍ നല്ളൊരു പങ്കും പോകുന്നത് അമേരിക്കയിലേക്കാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള പ്രധാന മാധ്യമമായി ഇന്ത്യയിലെ ബാങ്കുകള്‍ ഉപയോഗിക്കുന്ന വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവ അമേരിക്കന്‍ ബഹുരാഷ്ട്ര സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളാണ്.  ഇടപാടുകള്‍ക്കുള്ള സാങ്കേതികസഹായം നിര്‍വഹിക്കുന്ന ഈ കമ്പനികള്‍ക്ക് സര്‍വിസ് ചാര്‍ജിന്‍െറ നിശ്ചിത ശതമാനം നല്‍കണമെന്നാണ് വ്യവസ്ഥ. നോട്ട് അസാധുവാക്കലിനുശേഷം ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ 70.5 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാട് 1.58 കോടിയായും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാട് 57.31 ലക്ഷമായും വര്‍ധിച്ചു.   
ഇങ്ങനെ പണമൊഴുകുന്നത് തടയാന്‍ മിക്ക രാജ്യങ്ങളും സ്വന്തം നിലക്കുള്ള ബാങ്ക് കാര്‍ഡുകള്‍ തയാറാക്കിയിട്ടുണ്ട്. ചൈന ‘യൂനിയന്‍ പേ’ എന്ന പേരിലും സിംഗപ്പൂര്‍ ‘ഏഷ്യ പേ’ എന്ന പേരിലും ബ്രസീല്‍ ‘ആള്‍ പാഗോ’ എന്ന പേരിലും ഇത്തരത്തില്‍ കാര്‍ഡുകള്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഇതിന്‍െറ ചുവടുപിടിച്ച് കേന്ദ്ര ഗവണ്‍മെന്‍റിന് കീഴിലുള്ള നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) ‘റൂപേ’ എന്ന കാര്‍ഡ് രൂപവത്കരിച്ചിട്ടുണ്ട്. താരതമ്യേന കുറഞ്ഞ നിരക്കാണ് ഇടപാടുകള്‍ക്ക് ഈടാക്കുന്നതും. ഒരു ഇടപാടിന് 90 പൈസ എന്നതാണ് കണക്ക്. ഇതില്‍ 60 പൈസ കാര്‍ഡ് വിതരണം ചെയ്ത ബാങ്കിനും 30 പൈസ പി.ഒ.എസ് മെഷീന്‍ നല്‍കിയ ബാങ്കിനുമാണ് പോവുക. എന്നാല്‍, ഒട്ടുമിക്ക ബാങ്കുകളും റൂപേ കാര്‍ഡിനെ പ്രോത്സാഹിപ്പിക്കുന്നില്ലതാനും. പല ബാങ്കുകളും ഈ കാര്‍ഡിനുള്ള അപേക്ഷാഫോറംപോലും തയാറാക്കിയിട്ടുമില്ല.
Tags:    
News Summary - cashless india: card transactions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.