യൂത്ത് ലീഗ് നേതാവിനെ മർദിച്ച 10 സി.പി.എം പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്
പേരാവൂർ (കണ്ണൂർ): യൂത്ത് ലീഗ് പേരാവൂർ മണ്ഡലം നേതാവ് പൂക്കോത്ത് സിറാജിനെ മർദിച്ച കേസിൽ കണ്ടാലറിയാവുന്ന 10 സി.പി.എം പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
ഗുരുതര പരിക്കുകളോടെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിറാജ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം.
കോൺഗ്രസ് നേതാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം കണ്ട് റോഡരികിൽനിന്ന സിറാജിനെ സി.പി.എം പ്രവർത്തകർ മർദിക്കുകയായിരുന്നു. പൊലീസാണ് സിറാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അനുമതിയില്ലാതെ പ്രകടനം: 60 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്
ഇരിട്ടി: അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ഇരിട്ടിയിൽ 60 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ലീഗ് നേതാവ് സിറാജ് പൂക്കോത്തിനെ പേരാവൂരിൽ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ലീഗ് പ്രവർത്തകർ ഇരിട്ടിയിൽ പ്രകടനം നടത്തിയത്. പ്രകടനത്തിനിടെ പൊലീസ് വിലക്ക് ലംഘിച്ചതിന് ഉന്തുംതള്ളും ഉണ്ടായി. തുടർന്ന് നടന്ന പൊലീസ് ലാത്തിച്ചാർജിൽ മൂന്ന് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. യൂത്ത് ലീഗ് മണ്ഡലം ജന. സെക്രട്ടറി അജ്മൽ ആറളം, വൈസ് പ്രസിഡന്റ് സെഹീർ കീഴ്പ്പള്ളി, ലത്തീഫ് വിളക്കോട് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.