എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, എസ്.ഐ.ഒ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്
‘എന്തിനാണാവോ എബിവിപിയും എസ്എഫ്ഐയും കേരളത്തിൽ വെവ്വേറെ പ്രവർത്തിക്കുന്നത്?’ -എസ്.എഫ്.ഐ നേതാവിന്റെ പ്രസ്താവനക്കെതിരെ എസ്.ഐ.ഒ നേതാവ്
കോഴിക്കോട്: ചാനൽ പരിപാടിയിൽ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ബിഗ് ടിവി സീനിയർ കോർഡിനേറ്റിങ് എഡിറ്റർ അപർണ കുറുപ്പിനെതിരെ കേസെടുത്തതിനെ വിമർശിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഇതാണല്ലെ കോൺഗ്രസും ലീഗും സ്വപ്നം കണ്ട മത നിരപേക്ഷ ബാലൻസിംഗ് കേരളമെന്നാണ് ഫേസ്ബുക് കുറിപ്പിൽ ചോദിച്ചത്. എന്തിനാണാവോ എ.ബി.വി.പിയും എസ്.എഫ്.ഐയും കേരളത്തിൽ വെവ്വേറെ പ്രവർത്തിക്കുന്നതെന്ന വിമർശനവുമായി എസ്.ഐ.ഒ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് രംഗത്തെത്തി.
‘മതത്തിന് വേണ്ടി ചാനൽ ചർച്ചയിൽ സംസാരിച്ച അബ്ദുല്ല ബാസിലിനെതിരെ പൊലീസ് കേസെടുക്കുന്നു. ഇതിൽ വിമർശനം ഉയർന്നപ്പോൾ മതത്തിനെതിരെ സംസാരിച്ച ചാനൽ ചർച്ച നടത്തിയ അവതാരകയ്ക്കെതിരെ പൊലീസ് ഇപ്പോൾ കേസെടുത്തു. ഇതാണല്ലെ കോൺഗ്രസും ലീഗും സ്വപ്നം കണ്ട 'മത നിരപേക്ഷ ബാലൻസിംഗ് കേരളം.' ഇങ്ങനെയൊരു കേരളത്തിന് വേണ്ടി ഓവർടൈം പണിയെടുത്ത ജമാഅത്ത് ഇസ്‍ലാമിക്കും യു.ഡി.എഫ് വന്നപ്പോൾ ശ്വാസം കിട്ടി എന്ന് പ്രഖ്യാപിച്ച ചില മാധ്യമ പ്രവർത്തകർക്കും ഇത് പ്രത്യേകമായി ഡെഡിക്കേറ്റ് ചെയ്യുന്നു’ -ശിവപ്രസാദ് പറഞ്ഞു.
ചാനൽ ചർച്ചയിൽ ഇസ്‍ലാമിനും മതപണ്ഡിതർക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അപർണ ഉന്നയിച്ചു എന്ന് ചൂണ്ടിക്കാണിച്ചതിനാണ് വിസ്ഡം നേതാവ് അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തത്. ഈ കേസിനെതിരെ കോൺഗ്രസ് നേതാക്കൾ അടക്കം രംഗത്തുവന്നപ്പോൾ ആഭ്യന്തരവകുപ്പ് ഇടപെട്ട് തുടർനടപടി നിർത്തിവെപ്പിക്കുകയായിരുന്നു. കൂടാതെ, അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുക്കുകയും ചെയ്തു. സത്യാവസ്ഥ ഇതാണെന്നിരിക്കെ, സംഭവം വളച്ചൊടിച്ച എസ്.എഫ്.ഐ നേതാവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
‘വംശീയ പ്രചാരണം നടത്തിയ അപർണ്ണ കുറുപ്പിനെതിരെ കേസ് എടുത്തപ്പോൾ എസ്.എഫ്.ഐക്ക് നൊന്തു. ഇത് വരെയും മിണ്ടാതിരുന്നവർ അപർണ്ണക്കെതിരെ കേസ് വന്നപ്പോൾ ബാലൻസിംഗ് തിയറിയുമായി ഇറങ്ങിയിട്ടുണ്ട്. എന്തിനാണാവോ എ.ബി.വി.പി യും എസ്.എഫ്.ഐ യും കേരളത്തിൽ വെവ്വേറെ പ്രവർത്തിക്കുന്നത്. വരാനിരിക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലും അടുത്ത സമ്മേളനത്തിലുമായി തലമുറ മാറിയാൽ സി.പി.എം നന്നാവുമെന്ന് പലരും പറയുന്നത് കണ്ടു. ആ പാർട്ടിയിലെ ഏത് തലമുറയെ എടുത്താലും ഈ വംശീയ ബോധം മുഴച്ച് തന്നെ നിൽക്കും’ -ശിവപ്രസാദിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് അഡ്വ. അബ്ദുൽ വാഹിദ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
വിവാദ പരാമർശം നടത്തിയ അവതാരകക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രമുഖ സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്വ്‍യിരുന്നു. ജനരോഷം ശക്തമായതോടെയാണ് അബ്ദുല്ല ബാസിലിനെതിരായ കേസിലെ തുടർനടപടികൾ പൊലീസ് നിലവിൽ മരവിപ്പിച്ചത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിലാണ് അപർണ കുറുപ്പ് വിവാദ പരാമർശങ്ങൾ നടത്തിയത്. തുടർന്ന് ചർച്ചയിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ച് ഇതിൽ പങ്കെടുത്ത അബ്ദുല്ല ബാസിൽ ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതിന്റെ പേരിലാണ് അവതാരകയുടെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന രീതിയിലും ചാനൽ ചർച്ചയുടെ വസ്തുതകൾ തെറ്റായി പ്രചരിപ്പിക്കുന്ന രീതിയിലും വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു എന്ന് കാണിച്ച് കേസെടുത്തത്. ഇതിനെതിരെ കോൺഗ്രസ് നേതാവ് ജിന്റോ ജോൺ, എം.എൽ.എമാരായ പി.കെ. ഫിറോസ്, നജീബ് കാന്തപുരം, അഡ്വ. ഷിബു മീരാൻ, റിജിൽ മാക്കുറ്റി, ശിഹാബ് പൂക്കോട്ടൂർ തുടങ്ങിയവരും നിരവധി സംഘടനകളും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.