മെഡിക്കൽ കോളജിൽ കട്ടിലിൽനിന്ന് വീണ് രോഗി മരിച്ച സംഭവം: വീഴ്ച പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കട്ടിലിൽനിന്ന് വീണ് ചികിത്സയിലിരിക്കെ 87 വയസ്സുകാരൻ മരിച്ച സംഭവത്തിൽ, ആശുപത്രിയിലെ പരിചരണത്തിലും സൗകര്യങ്ങളിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ (ഡി.എം.ഇ) പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കഴിഞ്ഞമാസം 28-ന് മെഡിക്കൽ കോളജിലെ 18-ാം വാർഡിൽവെച്ചാണ് രോഗി കട്ടിലിൽനിന്ന് വീണത്. തുടർന്ന് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 31-നാണ് ഇദ്ദേഹം മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം രോഗികൾക്ക് നൽകുന്ന സുരക്ഷാ പ്രോട്ടോക്കോളിൽ വരുത്തേണ്ട മാറ്റങ്ങൾ രേഖാമൂലം സമർപ്പിക്കാൻ കമീഷൻ ഡി.എം.ഇ.ക്ക് നിർദ്ദേശം നൽകി. ഡി.എം.ഇ.യുടെ നിർദ്ദേശാനുസരണം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നടത്തിവരുന്ന അന്വേഷണം സുതാര്യവും ഫലപ്രദവുമായിരിക്കണമെന്നും, മെഡിക്കൽ വിദഗ്ദ്ധരുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഉൾപ്പെടെയുള്ള രേഖകൾ സഹിതം ആറാഴ്ചയ്ക്കകം കമീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. ബി.എൻ.എസ്.എസ്. 194-ാം വകുപ്പ് പ്രകാരം സംഭവത്തിൽ കേസെടുത്തിട്ടുണ്ടോ എന്ന് മെഡിക്കൽ കോളജ് ഇൻസ്പെക്ടർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. കേസെടുത്തിട്ടുണ്ടെങ്കിൽ അന്വേഷണ പുരോഗതി, തൽസ്ഥിതി, അന്വേഷണം പൂർത്തിയാക്കാൻ ആവശ്യമായ സമയം തുടങ്ങിയ വിവരങ്ങൾ എഫ്.ഐ.ആറിന്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും കോപ്പികൾ സഹിതം ആറാഴ്ചയ്ക്കകം ഹാജറാക്കണം. ഡെപ്യൂട്ടി ഡി.എം.ഇ.യും എസ്.എച്ച്.ഒ.യുടെ പ്രതിനിധിയും നവംബർ രണ്ടിന് രാവിലെ 10-ന് കമീഷന്റെ പി.എം.ജി. ജങ്ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിങിൽ നേരിട്ട് ഹാജരായി വിശദാംശങ്ങൾ ധരിപ്പിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.