കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യംചെയ്ത യുവാവിനെ മർദിച്ച കേസ്: ബൽറാം അടക്കമുള്ളവർക്കെതിരെ കേസ്

പാലക്കാട്: മുൻ എം.എൽ.എ വി.ടി ബൽറാം അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ചെന്ന പരാതിയിലാണ് കേസ്. പാലക്കാട് കസബ പൊലീസാണ് കേസെടുത്തത്.

ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കൈയേറ്റം ചെയ്യൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വിവാദമായ സംഭവമാണിത്. ആലത്തൂർ എം.പി രമ്യ ഹരിദാസും വി.ടി ബൽറാമും മറ്റു കോൺഗ്രസ് നേതാക്കളും കോവിഡ് നിയന്ത്രണം ലംഘിച്ച് ചന്ദ്രാ നഗറിലെ ഒരു ഹോട്ടലിനകത്ത് ഇരിക്കുന്നത് യുവാവ് കാണുകയും ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. സമീപത്തെ മേശയിൽ ചിലർ ആഹാരം കഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് ഇവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി എന്നായിരുന്നു ആരോപണം. ഇതോടെ, നേതാക്കൾക്കൊപ്പമുണ്ടായിരുന്നവർ യുവാവിനെ കൈയറ്റം ചെയ്തു. ഇതിൻെറ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. എന്നാൽ, ഭക്ഷണം പാഴ്സൽ വാങ്ങാൻ എത്തിയതായിരുന്നെന്നും യുവാവ് തൻെറ കൈയിൽ കയറി പിടിച്ചതിനാലാണ് ഒപ്പമുണ്ടായിരുന്നവർ പ്രതികരിച്ചതെന്നുമായിരുന്നു രമ്യ ഹരിദാസ് എം.പിയുടെ പ്രതികരണം.

യുവാവ് ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഹോട്ടൽ ഉടമക്കെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്.

യുവാവ് നൽകിയ പരാതി വ്യാജമാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. യുവാവ് വീഡിയോ പകർത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നാണ് ഇവർ പറയുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.