വനിതാ എസ്.ഐയെ കൈയ്യേറ്റം ചെയ്തതിന് ചാണ്ടി ഷമീമിന്റെ കൂട്ടാളിക്കെതിരെ കേസ്

കണ്ണൂർ: പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾ കത്തിച്ച കേസിൽ അറസ്റ്റിലായ ഗുണ്ട ചാണ്ടി ഷമീമിന്റെ കൂട്ടാളിക്കെതിരെ വനിതാ എസ്.ഐയെ കൈയ്യേറ്റം ചെയ്തതിന് കേസ്. വളപട്ടണം പൊലീസ് സ്റ്റേഷനിലെ എസ്.ഐ രേഷ്മയെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തു കയും ചെയ്തതിന് അരിമ്പ്ര പറശിനിക്കടവ് റോഡിലെ അസ്മ മൻസിലിൽ നൗഫലിനെതിരെ(33)യാണ് മയ്യിൽ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ച മൂന്നിന് വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിലെ അഞ്ച് വാഹനങ്ങൾ ചാണ്ടി ഷമീം തീയിട്ടിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് വിവിധ കേന്ദ്രങ്ങളിൽ തെരച്ചിൽ നടത്തി. ഷമീമിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അരിമ്പ്ര - പറശിനി റോഡിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് കൂട്ടാളിയായ നൗഫലിന്റെ വീട്ടിൽ രേഷ്മയുടെ നേതൃത്വത്തിൽ പോലീസെത്തിയത്. പൊലീസ് എത്തും മുമ്പ് ചാണ്ടി ഷമീം ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. തിരച്ചിലിനിടെ എസ്.ഐ രേഷ്മയെ മുട്ടുകാൽ കൊണ്ട് ഇടിച്ചിട്ടശേഷം നൗഫൽ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിലാണ് കേസെടുത്തത്.

വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച കേസിൽ ഷമീമിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടിയിരുന്നു. നേരത്തെ കാപ്പ പ്രതിയായി ശിക്ഷിച്ച് നാടുകടത്തപ്പെട്ടയാളാണ് ചാണ്ടി ഷമീം (42) എന്ന മഹ്ദി ഷമീം.

മറ്റൊരുകേസിൽ പിടികൂടി സ്റ്റേഷന് പിറകുവശത്തായി സൂക്ഷിച്ച ഷമീമിന്റെ തന്നെ ജീപ്പിനാണ് ഇയാൾ ആദ്യം പെട്രോളൊഴിച്ച് തീവെച്ചത്. തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറ്, ബുള്ളറ്റ്, സ്കൂട്ടർ എന്നിവയിലേക്കും തീ ആളിപടർന്നു. സ്റ്റേഷന്റെ പിറകുവശത്തുകൂടെയാണ് ഷമിം പുലർച്ച മൂന്നോടെ കോമ്പൗണ്ടിലേക്ക് കയറിയത്. കൈയിൽ ഉണ്ടായിരുന്ന പെട്രോൾ ഉപയോഗിച്ച് സ്വന്തം ജീപ്പിന് തീയിട്ട് പിറകുവശത്തൂടെ തന്നെ രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിൽ ഷമീമിന്റെ മുഖം പതിഞ്ഞിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ കോളുകൾ ട്രേസ് ചെയ്ത നടത്തിയ അന്വേഷണത്തിൽ ചിറക്കൽ കോട്ടക്കുന്നിലെ കെട്ടിട്ടത്തിൽനിന്ന് ചൊവ്വാഴ്ച രാവിലെ 10ന് പിടികൂടി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെയും ഷമീം ആക്രമിച്ചു. തുടർന്ന് പൊലീസ് സാഹസികമായാണ് കീഴടക്കിയത്.


തിങ്കളാഴ്ച രാവിലെ പൊലീസ് ഒരു കേസുമായി ബന്ധപ്പെട്ട് ഷമീമിന്റെ ചിറക്കൽ ആശാരി കമ്പനിക്കടുത്തെ വീട്ടിലെത്തിയിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ സഹോദരൻ ഷംഷീനിനൊപ്പം സ്റ്റേഷനിലെത്തി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഇതിനിടയിൽ എസ്.ഐ സന്തോഷിനെ കൈയേറ്റം ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിന് പൊലീസ് സഹോദരൻ ഷംഷീനിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഈ സമയം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഷമീം സ്റ്റേഷനിൽനിന്ന് കടന്നുകളഞ്ഞു. തുടർന്നാണ് സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. 2022 ഡിസംബറിലാണ് പ്രതിക്കെതിരെ കാപ്പ ചുമത്തിയത്.

നേരത്തെ കോഴിക്കോട് നാദാപുരത്തിനടുത്ത് കടമേരിയിൽ മയക്കുമരുന്ന് കേസിലെ പ്രതിയുടെ വീടാക്രമിച്ച കേസിലും ഷമീം പ്രതിയായിരുന്നു. ഈ കേസിൽ ഷമീമിന് പുറമെ നാറാത്ത് സ്വദേശി ഹാനി അത്താഫ്, നൗഫൽ എന്നിവർ ഉള്‍പ്പെടെ എട്ട് പേരായിരുന്നു പ്രതികൾ. 2021 നവംബർ 23ന് രാത്രിയിലാണ് കടമേരിയിലെ പാലോറ നസീറിന്റെ മകനും മയക്കുമരുന്ന് കേസിലെ പ്രതിയുമായ നിയാസും കണ്ണൂര്‍ നാറാത്ത് സ്വദേശി ഹാനിയും തമ്മില്‍ ഉണ്ടായ സാമ്പത്തിക തര്‍ക്കത്തിനിടെ ഹാനിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് വാഹനങ്ങളിലായി കടമേരിയിലെത്തി വീട്ടുകാരെയും നാട്ടുകാരെയും ആക്രമിച്ചത്.

Tags:    
News Summary - Case against Chandy Shameem's accomplice for assaulting SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.