representative image

ഇടുക്കി ഏലപ്പാറയിൽ ഉരുൾപൊട്ടി; രണ്ട് യാത്രക്കാരുമായി കാർ മലവെള്ളപ്പാച്ചിലിൽ കാണാതായി

പീരുമേട്: കനത്ത മഴയിൽ ഏലപ്പാറക്ക് സമീപം ഉരുൾപൊട്ടി. ഇതേതുടർന്ന്​ കുട്ടിക്കാനം-കട്ടപ്പന സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് ജനവാസം കുറഞ്ഞ മേഖലയിൽ ഉരുൾപൊട്ടിയത്. പുഴയിലും നീർച്ചാലുകളിലും നീരൊഴുക്ക് വർധിച്ചതോടെ ഏലപ്പാറ ടൗണിൽവരെ വെള്ളമൊഴുകിയെത്തി. സമീപത്തെ 60ലധികം വീടുകളിലും വെള്ളം കയറി.

എലപ്പാറക്കും ചപ്പാത്തിനുമിടയിൽ അഞ്ച് സ്ഥലത്ത്​ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്​. പ്രദേശത്ത്​ കനത്ത മഴ തുടരുകയാണ്.

അതിനിടെ, ഏലപ്പാറ-വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിന്​ സമീപം നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ കാണാതായി. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും കാണാതായി. ഏലപ്പാറ സ്വദേശികളായ മാർട്ടിൻ, അനീഷ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടതെന്നാണ്​ സൂചന. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകി​പ്പോയെന്നാണ് സംശയം.

അഗ്​നിരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അവസാനിപ്പിച്ച തിരച്ചിൽ വെള്ളിയാഴ്​ച രാവിലെ തുടരും. വ്യാഴാഴ്​ച രാത്രി എ​േട്ടാടെയാണ്​ സംഭവം. ഏലപ്പാറ ക്ഷേത്രത്തിനുസമീപം വെള്ളം കയറിയതിനെത്തുടർന്ന് മുറിയിൽ കുടുങ്ങിയ ശാന്തിക്കാരൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ അഗ്​നിരക്ഷാസേന രാത്രി രക്ഷപ്പെടുത്തി.

മഴ ശക്തമായതോടെ ഇടുക്കി ജില്ല ആസ്ഥാനത്ത്​ വ്യാപക മണ്ണിടിച്ചിൽ. തടിയമ്പാട് മുസ്​ലിം പള്ളിക്ക് സമീപം നേര്യമംഗലം-ഇടുക്കി റോഡിൽനിന്ന്​ മണ്ണിടിഞ്ഞ്​ ചപ്പാത്ത്-വെള്ളക്കം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

ഇടുക്കി പാർക്കിനകത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ താഴത്തേടത്ത് നിർമല, അമ്പാട്ടുകുടി ഷെരീഫ് എന്നിവരുടെ വീടുകളിലേക്ക് ചളിയും കല്ലും ഇരച്ചുകയറി വീട് ഭാഗികമായി തകർന്നു. ഇവരുടെ ഇരുചക്ര വാഹനങ്ങളും മണ്ണിനടിയിലായി. ഇടുക്കി മെഡിക്കൽ കോളജ്, ഇടുക്കി താലൂക്ക് ഓഫിസ്, ഇടുക്കി എട്ടാം മൈൽ, പാറേമാവ് കൊലുമ്പൻ കോളനി എന്നിവിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.