മലപ്പുറം: പി.വി അൻവർ അടഞ്ഞ അധ്യായമാണെന്നും ഇനി ചർച്ചക്കില്ലെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. ഇതുവരെ ഒരു ഇടം നൽകിയാണ് താൻ സംസാരിച്ചത്. അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ്. ഞങ്ങളുടെ സ്ഥാനാർഥിയെ കുറിച്ച് അൻവർ എന്തൊക്കെയാ പറഞ്ഞത്? അതൊക്കെ തിരിച്ചെടുക്കാൻ പറ്റുമോയെന്നും അടൂർ പ്രകാശ് ചോദിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി ആലോചിച്ചാണ് ആ അധ്യായം അടച്ചത്. വിഷയത്തിൽ മുസ്ലിം ലീഗിന് അസംതൃപ്തിയുണ്ടെന്നത് വ്യാജ പ്രചാരണമാണ്. ലീഗ് യു.ഡി.എഫിനൊപ്പമാണ്. ഞങ്ങള്‍ അന്‍വറിന്റെ പിന്നാലെ പോകുന്ന പ്രശ്‌നമില്ല. പി.വി അന്‍വര്‍ നോമിനേഷന്‍ കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
യു.ഡി.എഫുമായി സഹകരിക്കണമെന്നുണ്ടെങ്കിൽ അൻവർ ആദ്യം സ്ഥാനാർഥിത്വം പിൻവലിക്കണം. എന്നിട്ട് ആലോചിക്കാം. യു.ഡി.എഫിന്റെ മുതിർന്ന നേതാക്കളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. വി.ഡി സതീശന് മുസ്‍ലിം ലീഗിന്റെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫില്‍ സഹകരിപ്പിക്കാമെന്ന് അന്‍വറിനോട് മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ താന്‍ പറഞ്ഞിരുന്നു. മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം ടെലഫോണിലൂടെയാണ് അദ്ദേഹത്തെ അറിയിച്ചത്. സഹകരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അന്‍വര്‍ എൽ.ഡി.എഫിന്‍റെ സ്ഥാനാര്‍ഥിയായിരുന്നു. അതുകൊണ്ടുതന്നെ വോട്ടുനഷ്ടപ്പെടാന്‍ പോകുന്നത് എൽ.ഡി.എഫിനായിരിക്കും. വി.ഡി. സതീശനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
അന്‍വറുമായുള്ള ചര്‍ച്ചക്കുള്ള വാതില്‍ അടച്ചുവെന്നും ഇനി ചര്‍ച്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.