കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട നിരീക്ഷകസംഘം കാമറയിൽ പകർത്തിയ വിഡിയോ ദൃശ്യം മായ്ച്ച സംഭവത്തില്‍ പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും നടപടികൾ അനിശ്ചിതത്വത്തിൽ. ജില്ല കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും അവ്യക്തതകളുള്ളതിനാല്‍ വീണ്ടും അയക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് കലക്ടർ വിശദ റിപ്പോര്‍ട്ട് തയാറാക്കി അയച്ചതായാണ് വിവരം. ഏപ്രിൽ രണ്ടിന് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ട നിരീക്ഷണ സംഘത്തെ ഭീഷണിപ്പെടുത്തി ബലമായി വിഡിയോ ഡിലീറ്റ് ചെയ്ത സംഭവത്തിലാണ് വീണ്ടും റിപ്പോർട്ട് തയാറാക്കിയത്.
യു.ഡി.എഫ് കോഴിക്കോട് ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് നല്കിയ പരാതിക്ക് പുറമേ ദേശീയ തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കിയിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ലെന്നാണ് യു.ഡി.എഫ് പറയുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിലും നടപടികള്‍ ഉണ്ടായിട്ടില്ല. കലക്ടര്‍ വിശദീകരണം ആവശ്യപ്പെടുകയും മന്ത്രി കഴിഞ്ഞ ദിവസം നല്‍കുകയും ചെയ്തിരുന്നു. തുടര്‍നടപടികള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറാണ് സ്വീകരിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.