കോഴിക്കോട്: ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്സുകള്‍ നിര്‍ത്തലാക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ തീരുമാനം. പാരാമെഡിക്കല്‍ കൗണ്‍സിലിന്‍െറ രജിസ്ട്രേഷന്‍പോലും ലഭിക്കാത്ത കോഴ്സുകളിലേക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവേശനമുണ്ടാകില്ല. വിദ്യാര്‍ഥികളെ പെരുവഴിയിലാക്കി പാരാമെഡിക്കല്‍ കോഴ്സ് നടത്തുന്നതിനെക്കുറിച്ച മാധ്യമം വാര്‍ത്തയെ തുടര്‍ന്നാണ് അടിയന്തര നടപടി. അതേസമയം, നിലവിലെ ബാച്ചുകള്‍ തുടരും. ഇവര്‍ക്ക് അംഗീകാരം ഉറപ്പാക്കാന്‍ ആരോഗ്യ സര്‍വകലാശാലയെ സമീപിക്കും. പ്രോ-വി.സി ഡോ. പി. മോഹന്‍ അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് കോഴ്സുകള്‍ നിര്‍ത്താനുള്ള തീരുമാനം.

സര്‍വകലാശാല കാമ്പസിലെ സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് വിഭാഗത്തിനു കീഴിലായി നടത്തുന്ന മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോ കെമിസ്ട്രി ബി.എസ്സി, എം.എസ്സി കോഴ്സുകളാണ് നിര്‍ത്തുന്നത്. എം.എസ്സി മെഡിക്കല്‍ മൈക്രോ ബയോളജിയില്‍ പുതിയ ബാച്ചിലേക്ക് ഇതിനകം 11പേരെ പ്രവേശിപ്പിച്ചതിനാല്‍ ഇവരുടെ ബാച്ച് തുടരും. ഹെല്‍ത്ത് സയന്‍സിനു കീഴിലെ എം.എസ്സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സ് തുടരും. ഈ സ്വാശ്രയ കോഴ്സ് റെഗുലര്‍ പഠനവകുപ്പാക്കി മാറ്റാന്‍ യോഗം ശിപാര്‍ശ ചെയ്തു. ആരോഗ്യ സര്‍വകലാശാല നിലവില്‍വന്നതോടെയാണ് കാലിക്കറ്റിലെ പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് അംഗീകാരപ്രശ്നം ഉടലെടുത്തത്. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്സുകളും സ്ഥാപനങ്ങളും ആരോഗ്യ സര്‍വകലാശാലക്കു കീഴിലേക്ക് മാറിയപ്പോര്‍ കാലിക്കറ്റിലെ കോഴ്സുകള്‍ വിട്ടുനല്‍കിയില്ല. 

സ്വാശ്രയ മേഖലയില്‍ സര്‍വകലാശാല നേരിട്ട് നടത്തുന്ന കോഴ്സുകള്‍ ആയതിനാലാണ് വിട്ടുകൊടുക്കാതിരുന്നത്. എന്നാല്‍, കോഴ്സ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് അംഗീകാരം ലഭിക്കാതായതോടെ പ്രതിസന്ധി രൂപപ്പെട്ടു. കോഴ്സ് നിര്‍ത്താന്‍ ആരോഗ്യ സര്‍വകലാശാല നിര്‍ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. ഒടുവില്‍ വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തത്തെി.കാലിക്കറ്റില്‍ 1996ലാണ് പാരാമെഡിക്കല്‍ കോഴ്സുകള്‍  തുടങ്ങിയത്. 2008ല്‍ പി.ജിയും തുടങ്ങി. എട്ടുകോടിയോളം രൂപയാണ് കോഴ്സ് നടത്തിപ്പിലൂടെ ലഭിച്ച വരുമാനം.ഹെല്‍ത്ത് സയന്‍സ് ഡയറക്ടര്‍ ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി, മുന്‍ ഡയറക്ടര്‍ ഡോ. സി.ഡി. സെബാസ്റ്റ്യന്‍, മൈക്രോ ബയോളജി പഠനബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍, ഡോ. അനുപമ മഞ്ജു, ഡോ. കെ.വി. മോഹനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അന്തിമ തീരുമാനത്തിന് യോഗ തീരുമാനം സിന്‍ഡിക്കേറ്റിന്‍െറ പരിഗണനക്ക് വിട്ടു. 
 

Tags:    
News Summary - calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.