കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷഫലം പ്രഖ്യാപിച്ചാൽ പിന്നെ തുടർപഠനത്തിനും മറ്റും ഗ്രേഡ് കാർഡ് കിട്ടാനുള്ള നെട്ടോട്ടം വർഷങ്ങളായുള്ള കാഴ്ചയാണ്. ഇത്തവണയും പതിവിനു മാറ്റമില്ല. അവസാന സെമസ്റ്റർ ബിരുദ പരീക്ഷഫലം പ്രഖ്യാപിച്ച് ഒരാഴ്ചയായി. ഗ്രേഡ് കാർഡ് അപ്ലോഡ് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം ഫലം പ്രഖ്യാപിച്ച് അഞ്ചാഴ്ചക്കു ശേഷമാണ് ഗ്രേഡ് കാർഡ് ലഭ്യമാക്കിയത്.
കോവിഡും ലോക്ഡൗണും കാരണം ക്ലാസുകൾ മുടങ്ങലും പിന്നാലെ തുടർച്ചയായ പരീക്ഷകളും പിന്നിട്ടാണ് വിദ്യാർഥികൾ ഇത്തവണ വിവിധ ബിരുദ കോഴ്സുകൾ ജയിച്ചുകയറിയത്. തുടർപഠനത്തിന് തയാറെടുക്കുന്നവർക്ക് ചങ്കിടിപ്പുണ്ടാക്കിയാണ് പരീക്ഷഭവൻ അധികൃതരുടെ മെല്ലെപ്പോക്ക്. മുൻവർഷങ്ങളിലെ അതേ കാരണമാണ് ഇത്തവണയും പറയാനുള്ളത്. എൻ.സി.സി, എൻ.എസ്.എസ് ഉൾപ്പെടെയുള്ള ഗ്രേസ് മാർക്കുകൾ ചേർക്കാൻ വൈകിയതാണ് ഗ്രേഡ് കാർഡ് വൈകാൻ കാരണം. ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ നേരത്തേ ലഭിക്കുന്നതാണെങ്കിലും പരിശോധിച്ച് കൃത്യസമയത്ത് ചേർക്കാനായി സജ്ജമാക്കുന്നതിലെ നിരുത്തരവാദിത്തമാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് ആരോപണം.
കണ്ണൂർ, എം.ജി അടക്കമുള്ള സർവകലാശാലകൾ നേരത്തേ ബിരുദഫലം പ്രഖ്യാപിച്ച് പി.ജി പ്രവേശന നടപടികൾ തുടങ്ങി. ഈ മാസം പത്താണ് കണ്ണൂരിൽ അപേക്ഷിക്കാനുള്ള അവസാന തീയതി. മറ്റിടങ്ങളിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഗ്രേഡ് കാർഡിലെ വിജയശതമാനക്കണക്ക് അറിയണമെങ്കിൽ തേഞ്ഞിപ്പലത്തെ സർവകലാശാല ആസ്ഥാനത്ത് പോകേണ്ട ഗതികേടിലാണ്. അവിടെയെത്തി 150 രൂപ കൊടുത്താൽ ഓരോ വിഷയത്തിന്‍റെയും മാർക്കുകൾ കണക്കുകൂട്ടി തരും.
തേഞ്ഞിപ്പലത്ത് എത്താനുള്ള യാത്രച്ചെലവുകൾ വേറെയുമുണ്ട്. കഴിഞ്ഞ വർഷം വെബ്സൈറ്റിൽനിന്ന് ഗ്രേഡ് കാർഡിന്‍റെ കോപ്പിയെടുത്ത് ഉപരിപഠന പ്രവേശന സമയത്ത് സംസ്ഥാനത്തിനകത്തുള്ള സർവകലാശാലകളിൽ ഹാജരാക്കാൻ അനുമതിയുണ്ടായിരുന്നു. അതേസമയം, ഗ്രേസ് മാർക്കുകൾ ചേർത്തുകൊണ്ടിരിക്കുകയാണെന്നും എന്നുമുതൽ ഗ്രേഡ് കാർഡ് ലഭിക്കുമെന്നത് ഒരാഴ്ചക്കകം അറിയാമെന്നും പരീക്ഷ കൺട്രോളർ ഗോഡ്വിൻ സാംരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.