ഇടുക്കിലെ 19,549 പട്ടയങ്ങൾ സർക്കാർ അംഗീകരിച്ച പട്ടികയിലുള്ളതല്ലെന്ന് സി.എ.ജി

കോഴിക്കോട്: ഇടുക്കി ജില്ലയിലെ 19,549 പട്ടയങ്ങൾ സർക്കാർ അംഗീകരിച്ച പട്ടികയിലുള്ളതല്ലെന്ന് സി.എ.ജി റിപ്പോർട്ട്. 2017- 18 മുതൽ 2021- 22 വരെയുള്ള കാലയളവിൽ തെരഞ്ഞെടുത്ത ഓഫീസുകളിലൂടെ നൽകിയ 21, 207 പട്ടയങ്ങളാണ് സർക്കാരോ കലക്ടറോ  അംഗീകരിച്ച പട്ടികയിൽ നിന്നുള്ളതല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയത്. ഇത് നാലു ജില്ലകളിലെ കണക്കാണ്. തിരുവനന്തപുത്ത്  429, എറണാകുളത്ത് 841, കോഴിക്കോട്  388 പട്ടയങ്ങളും പട്ടികയിലുള്ളതല്ല. ഈ ജില്ലകളിലെ 23 പാട്ടങ്ങളും പട്ടികയിൽ ഇല്ല. തിരുവനന്തപുരം-13,  ഇടുക്കി -രണ്ട്, എറണാകുളം-രണ്ട്, കോഴിക്കോട്-ആറ് എന്നിങ്ങനെയാണ് പാട്ടങ്ങളുടെ കണക്ക്.

ഭൂമി പതിച്ചു നൽകുന്നതിനായി കൈയേറ്റക്കാരിൽ നിന്ന് അപേക്ഷ ലഭിച്ചാൽ, പതിച്ചുനൽകാവുന്ന ഭൂമിയുടെ അംഗീകൃത പട്ടികയിൽ നിന്ന് ഭൂമി നൽകുന്നതിന് പകരം, കലക്ടറിൽ നിന്ന് അംഗീകാരം നേടിയ ശേഷം അപേക്ഷകൻ കൈയേറിയ ഭൂമി, പതിച്ചുനൽകാവുന്ന ഭൂമിയുടെ പട്ടികയിൽ ഉൾപ്പെടുത്തി പിന്നീട് പതിച്ചുനൽകിയെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. അംഗീകൃത പട്ടിക സൂക്ഷിക്കാത്തതിനാൽ ഭൂമി പതിച്ചുനൽകുന്നതിനുള്ള നിയമാനുസൃതമായ മുൻഗണനകളും സംവരണവും റവന്യു ഉദ്യോഗസ്ഥർ  അട്ടിമറിച്ചു. വിമുക്തഭടന്മാർ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ മുതലായവർക്ക് വ്യവസ്ഥ പ്രകാരം ഭൂമി നൽകാൻ നൽകാൻ കഴിഞ്ഞിട്ടില്ല.

സർക്കാർ അംഗീകരിച്ച പട്ടികയിൽ നിന്ന് ഭൂമി പതിച്ചുനൽകണമെന്നാണ് നിലവിലുള്ള ചട്ടം. അത്തരമൊരു പട്ടികയുടെ അഭാവത്തിൽ, നടത്തിയിട്ടുള്ള പതിച്ചുനൽകലുകൾ നിലവിലുള്ള ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നില്ല. അതിനാൽ അവ ക്രമരഹിതമാണ്. 2023 ൽ സി.എ.ജിയുടെ ഈ കണ്ടെത്തലുകൾ റവന്യു ഉദ്യോഗസ്ഥർ അംഗീകരിച്ചു.

പട്ടയം അനുവദിക്കുന്നതിന് മുമ്പ്, ഓരോ വില്ലേജിലും സർക്കാർ ആവശ്യങ്ങൾക്കായോ അല്ലെങ്കിൽ പൊതു ആവശ്യങ്ങൾക്ക് വേണ്ടിയോ നീക്കി വെയ്ക്കേണ്ട സ്ഥലങ്ങളുടെ പട്ടികയും ഓരോ വില്ലേജിലും പതിച്ചു നൽകലിനായി ലഭ്യമാക്കാവുന്ന സ്ഥലങ്ങളുടെ പട്ടികകളും സർക്കാർ തയാറാക്കണമെന്ന് ഭൂപരിഷ്കരണ ചട്ടങ്ങളിൽ അനുശാസിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ സ്ഥലങ്ങളുടെ പട്ടികകൾ അംഗീകാരത്തിനായി സർക്കാരിന് സമർപ്പിക്കണം.

പട്ടികകൾക്ക് സർക്കാരോ സർക്കാർ അധികാരപ്പെടുത്തിയ അധികാരസ്ഥനോ അംഗീകാരം നൽകിയതിന് ശേഷം മാത്രമേ അത്തരം ഭൂമി പതിച്ച് നൽകുന്നതിനുള്ള നടപടി സ്വീകരിക്കാവൂ. നഗരപ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം, പതിച്ചു നൽകാവുന്ന സ്ഥലങ്ങളുടെ പട്ടിക തഹസിൽദാർ തയാറാക്കി ഭൂമി പതിച്ചുനൽകൽ സമിതിയുടെ പരിഗണനക്കായി സമർപ്പിക്കണം. സമിതിയുടെ ശിപാർശ സഹിതം പട്ടിക കലക്ടറുടെ അംഗീകാരത്തിനായി കൈമാറുകയും ചെയ്യണം. എന്നാൽ, പരിശോധന നടത്തിയ 33 വില്ലേജുകളിലും 11 താലൂക്കുകളിലും നാല് കലക്ടറേറ്റുകളിലും സർക്കാരോ കലക്ടറോ അംഗീകരിച്ച പട്ടിക സൂക്ഷിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. 

2014-ൽ സംസ്ഥാന സർക്കാരിന്റെ ലാൻഡ് മാനേജ്മെന്റ് സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിൽ, പതിച്ചുനൽകാവുന്ന ഭൂമിയുടെ പട്ടിക സൂക്ഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ഒമ്പത് വർഷം കഴിഞ്ഞിട്ടും ഭൂമിയുടെ പട്ടിക റവന്യൂ വകുപ്പ് സൂക്ഷിച്ചിട്ടില്ല. സി.എ.ജിയുടെ 2014 ലെ റിപ്പോർട്ടിന് സംസ്ഥാന സർക്കാരും റവന്യൂ വകുപ്പും പുല്ലുവിലയാണ് നൽകിയത്. 

Tags:    
News Summary - CAG said that 19,549 pattas in Idukki are not in the list approved by the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.