മന്ത്രിസഭ പുനഃസംഘടന ഡിസംബറിൽ; ഗണേഷും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന ഡിസംബർ അവസാനവാരം നടക്കും. വെള്ളിയാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് തീരുമാനം. കോൺഗ്രസ്​ - എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും കേരള കോൺഗ്രസ്​ ബിയിലെ കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരാകും. ഐ.എൻ.എല്ലിന്‍റെ അഹമ്മദ്​ ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിലെ ആന്‍റണി രാജുവും ഒഴിയുന്ന സ്ഥാനത്തേക്കാകും ഇവർ വരിക. നേരത്തേയുള്ള രണ്ടര വർഷ കരാർ പ്രകാരമാണ്​ മാറ്റമെന്ന്​ എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. മറ്റു പാർട്ടികളുടെ മന്ത്രിമാരുടെ മാറ്റം തീരുമാനിച്ചിട്ടില്ല. എൽ.ഡി.എഫ്​ അല്ല അതത്​ പാർട്ടികളാകും അത്​​ തീരുമാനിക്കുക.

നവംബറിലാണ്​ കരാറിന്‍റെ കാലാവധി. എന്നാൽ, ആ സമയത്ത്​ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയാണ്​. യാത്രക്കുശേഷം ഡിസംബർ അവസാന വാരം മന്ത്രിസഭ പുനഃസംഘടന നടക്കും. നവംബറിൽതന്നെ പുനഃസംഘടന വേണമെന്ന്​ ആവശ്യപ്പെട്ടവരുണ്ട്​. എന്നാൽ, ഉഭയകക്ഷി ചർച്ചയിലൂടെ സാഹചര്യം അവരെ ബോധ്യപ്പെടുത്തിയെന്നും ഐകകണ്​ഠ്യേനയാണ്​ തീരുമാനമെന്നും ജയരാജൻ പറഞ്ഞു. രാമച​ന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ്​ കുമാർ എന്നിവരും പ​ങ്കെടുത്ത എൽ.ഡി.എഫ്​ യോഗമാണ്​ മന്ത്രിസഭ പുനഃസംഘടന തീരുമാനിച്ചത്​. തീരുമാനത്തിൽ പൂർണ തൃപ്തരാണെന്ന്​ ​ഇരുവരും പ്രതികരിച്ചു.

കരാർ പ്രകാരം നവംബറിൽതന്നെ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട്​ കേരള കോൺ​- ബി മുന്നണി കൺവീനർക്ക്​ കത്ത്​ നൽകിയിരുന്നു. ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തിയെന്ന സോളാർ കേസിൽ വിചാരണ നേരിടണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗണേഷിന്‍റെ മന്ത്രിസഭ ​പ്രവേശനത്തിൽ ആശങ്കയുണ്ടായിരുന്നു. ഗണേഷ് സർക്കാറിനെതിരെ ഉയർത്തിയ നിരന്തര വിമർശനവും ആശങ്കക്ക്​ കാരണമായി. എന്നാൽ, മുഖ്യമന്ത്രിയും സി.പി.എമ്മും ഗണേഷിന്​ നൽകിയ വാക്ക്​ പാലിക്കാൻ തീരുമാനിച്ചതോടെയാണ്​ പുനഃസംഘടന സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയത്​.

Tags:    
News Summary - Cabinet reshuffle in December; Ganesh and Gannapalli to the cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.