തിരുവനന്തപുരം: സി.പി.ഐയുടെ എതിർപ്പും വിശദ ചർച്ച വേണമെന്ന ആവശ്യവും മുൻനിർത്തി പുതിയ മദ്യനയത്തിന് അംഗീകാരം നൽകുന്നത് മന്ത്രിസഭാ യോഗം മാറ്റിവെച്ചു. ബുധനാഴ്ച ചേർന്ന യോഗത്തിൽ കരട് നയം കൊണ്ടുവന്നെങ്കിലും പല വ്യവസ്ഥകളിലും ഭിന്നാഭിപ്രായം ഉയർന്നതോടെയാണ് പിന്നീട് പരിഗണിക്കാൻ മാറ്റിയത്.
മദ്യഷോപ്പുകൾക്ക് ആരാധനാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും 400 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ 200 മീറ്ററാക്കി ചുരുക്കുന്നതടക്കം വ്യവസ്ഥകൾ അടങ്ങിയതാണ് കരട് നയം. കരട് നയം എൽ.ഡി.എഫ് ചർച്ച ചെയ്തിട്ടില്ല എന്നതും സി.പി.ഐ മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഇതോടെ വിഷയം പിന്നീട് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെടുകയായിരുന്നു.
കള്ള് ഷോപ്പുകളുടെ ദൂരപരിധിയിലും ടൂറിസ്റ്റ് മേഖലയിലെ ഡ്രൈ ഇളവിലും ഉൾപ്പെടെ നേരത്തെ ഭിന്നാഭിപ്രായമുയർന്നിരുന്നു. ഡ്രൈ ഡേ മാറ്റാൻ സർക്കാറിന് കോഴ നൽകിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തൽ നേരത്തെ വിവാദമായിരുന്നു. ഇതാണ് ഈ സാമ്പത്തിക വർഷം മദ്യനയം വൈകാൻ കാരണം.
സാമ്പത്തിക വർഷം തീരാൻ ഒരുമാസം ബാക്കി നിൽക്കെ എക്സൈസ് വകുപ്പ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മദ്യനയത്തിന്റെ കരടാണ് മന്ത്രിസഭയിൽ കൊണ്ടുവന്നത്. നിലവിലെ കള്ളുഷോപ്പുകള്ക്ക് പകരം ക്ലാസിഫൈഡ് ഷോപ്പുകളാണ് പുതിയ നയത്തിലെ ശിപാർശകളിലൊന്ന്. ആളുകളെ കൂടുതൽ ആർഷിക്കുംവിധം പാതയോരത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങള്‍ ടോഡി ബോർഡ് നിർമിച്ചുനൽകും. എന്നാൽ, പുതിയ സ്ഥലം കണ്ടെത്തുമ്പോള്‍ നിലവിലെ ഷോപ്പുകളുമായുള്ള ദൂരപരിധിയിൽ വ്യക്തതവരുത്തിയിട്ടില്ല. 400 മീറ്ററാണ് കള്ളുഷോപ്പുകള്‍ തമ്മിൽ നിലവിലെ ദൂരപരിധി. പുതിയ നയം വരുന്നതോടെ പരമ്പരാഗതമായി ഷാപ്പ് നടത്തുന്നവരുടെ കാര്യത്തിൽ സി.പി.ഐ മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.