തിരുവനന്തപുരം: 2016-17 അധ്യയനവര്‍ഷം 50 വിദ്യാർഥികളില്ലാത്ത 63 ഹയർ സെക്കൻഡറി ബാച്ചുകളിലേക്ക് ഇക്കൊല്ലത്തേക്ക് മാത്രമായി (2017-18) വിദ്യാർഥികളെ പ്രവേശിപ്പിക്കാന്‍ മന്ത്രിസഭ അനുമതിനല്‍കി. ഒരു ബാച്ചില്‍ 40 കുട്ടികളെങ്കിലുമില്ലെങ്കില്‍ സ്ഥിരം അധ്യാപകരെ നിയമിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് അനുമതി. എയ്ഡഡ് മേഖലയില്‍ മൂന്ന് പുതിയ കോളജുകള്‍ അനുവദിക്കും. ബിഷപ് യേശുദാസന് സി.എസ്.ഐ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് മുളയറ തിരുവനന്തപുരം, കാസര്‍കോട് ബജാമോഡല്‍ കോളജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സ്, ശബരീശ കോളജ് മുരുക്കുംവയല്‍ മുണ്ടക്കയം എന്നിവക്കാണ് അനുമതി.
•ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പെന്ഷന് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതിവരുത്തും. ആയിരംരൂപ കര്‍ഷക പെന്ഷന് വാങ്ങുന്നവര്‍ക്ക് സാമൂഹികസുരക്ഷ പെന്‍ഷനും അര്‍ഹതയുണ്ട്. എന്നാല്‍, ഇൗവർഷം ജനുവരി 21 മുതൽ പുതുതായി കര്‍ഷക പെന്ഷന് അര്‍ഹരാകുന്നവര്‍ക്ക് സാമൂഹികസുരക്ഷ പെന്ഷന് അര്‍ഹതയില്ല.
•നെല്ല് സംഭരിക്കുന്ന മില്ലുടമകള്‍ക്ക് നല്കുന്ന പ്രോസസിങ് ചാര്‍ജ് ക്വിൻറലിന് 190 രൂപയില്‍നിന്ന് 214 രൂപയായി വര്‍ധിപ്പിച്ചു.
•സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് മാനദണ്ഡം പാലിക്കുന്നതിന് തിരുവനന്തപുരം തൃപ്പൂണ്ണിത്തുറ, കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ 23 മെഡിക്കല്‍ ഓഫിസര്‍മാരുടെ തസ്തിക സൃഷ്ടിക്കും.
•നിലമ്പൂര്‍, ദേവികുളം ആദിവാസി മേഖലകളില്‍ ലഹരി ഉപയോഗം കുറക്കുന്നതിന് ജനമൈത്രി എക്സൈസ് സ്ക്വാഡില്‍ 20 തസ്തിക സൃഷ്ടിക്കും.
•മഹാകവി ജി. ശങ്കരക്കുറുപ്പിന് സ്മാരകം നിര്‍മിക്കുന്നതിന് കൊച്ചിയില്‍ 25 സെൻറ് സ്ഥലം വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കും. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതിചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.