ആലപ്പുഴ: മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കുമെന്ന് ജി. സുധാകരൻ. യു.ഡി.എഫിൽനിന്ന് ആരും ഇക്കാര്യം തന്നോട് സംസാരിച്ചിട്ടില്ല. മന്ത്രി സ്ഥാനം ആവശ്യപെട്ടിട്ടില്ല. മുൻകാലങ്ങളിൽ ആവശ്യപ്പെട്ടിട്ടല്ല മന്ത്രിയാക്കിയത്. എന്നാൽ, മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയെ സന്ദർശിച്ചതിൽ ആരും വിമർശനം ഉന്നയിച്ചിട്ടില്ല. വെള്ളാപ്പള്ളിയോട് ശത്രുതയുള്ളവർ പലതും പറഞ്ഞുകാണും. കേരളത്തിലെ പ്രബലമായ സമുദായത്തിന്റെ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തെ കാണുന്നത് കൊണ്ട് ഒരു തെറ്റുമില്ല. വെള്ളാപ്പള്ളിയോട് വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലും വല്ലതും പറഞ്ഞിട്ടുണ്ടാകാം എന്നല്ലാതെ ഔദ്യോഗികമായി ആരും വിമർശിച്ചിട്ടില്ല.
സി.പി.എം ജില്ല കമ്മിറ്റികളിൽ ഉയർന്നുവരുന്ന വിമർശനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആളുകളുടെ മനസിലുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എപ്പോഴായാലും മനസിലുള്ള കാര്യങ്ങൾ ഒടുവിൽ പുറത്തുവരുമെന്ന് മനസ്സിലാക്കിയാൽ മതിയെന്നും താൻ കാര്യങ്ങൾ എപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ജി. സുധാകരൻ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് യു.ഡി.എഫ് നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപവത്കരണത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികളുമായുള്ള ചർച്ചകളും കോൺഗ്രസിനുള്ളിലെ വകുപ്പ് വിഭജന ചർച്ചകളും അന്തിമഘട്ടത്തിലാണ്. ഇന്ന് വൈകീട്ടോടെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരായിരിക്കും കോൺഗ്രസിനുണ്ടാകുക. പാർട്ടിയിൽനിന്ന് സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. ലിജു, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് വിവരം. ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ചെന്നിത്തലക്ക് സുപ്രധാനമായ ആഭ്യന്തര വകുപ്പും വിജിലൻസും നൽകാനാണ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ആലോചിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന വകുപ്പ് വിഭജനം അതേപടി തുടരാനാണ് കോൺഗ്രസ് താൽപ്പര്യപ്പെടുന്നത്. എന്നാൽ ഘടകകക്ഷികൾ പുതിയ ചില വകുപ്പുകൾക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. മുമ്പ് ലീഗ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.
ഘടകകക്ഷികളിൽ മുസ്‍ലിം ലീഗിന് അഞ്ചും ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് (ജേക്കബ്) എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനവും നൽകാനാണ് ധാരണയായിട്ടുള്ളത്. ഘടകകക്ഷികൾക്ക് പഴയ വകുപ്പുകൾ തന്നെ നൽകാനാണ് കോൺഗ്രസ് നീക്കമെങ്കിലും വിട്ടുവീഴ്ചക്ക് തയാറാകാതെ ചില കക്ഷികൾ രംഗത്തുണ്ട്. ഏഴ് എം.എൽ.എമാരുള്ള കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. മോൺസ് ജോസഫ്, അപ്പു ജോസഫ് എന്നിവരെ മന്ത്രിമാരാക്കണമെന്നാണ് പാർട്ടി നിലപാട്. എന്നാൽ, ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. മുന്നണിയുടെ അസോസിയേറ്റ് അംഗങ്ങളായ കെ.കെ. രമ, മാണി സി. കാപ്പൻ എന്നിവർക്ക് രണ്ടര വർഷം വീതം ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. മുൻ സി.പി.എം നേതാവ് ജി. സുധാകരന് സ്പീക്കർ പദവിയോ അല്ലെങ്കിൽ ക്യാബിനറ്റ് റാങ്കുള്ള മറ്റേതെങ്കിലും പദവിയോ നൽകുന്ന കാര്യവും കോൺഗ്രസിന്റെ സജീവ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.