'വീടുകൾ ബുൾഡോസർവെച്ച് തകർത്തതിനെ കോൺഗ്രസ് എന്ത് പറഞ്ഞ് ന്യായീകരിക്കും..?, കർണാടകയിൽ കണ്ടത് സംഘ്പരിവാറിന്റെ മറ്റൊരു പതിപ്പ്'; മുഖ്യമന്ത്രി

തിരുവനന്തപുരം: കർണാടകത്തിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ 300 വീടുകൾ തകർത്ത 3000ത്തോളം പേരെ തെരുവിലിറക്കിയ കോൺഗ്രസ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുകയെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

വീടുകൾ ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ്. കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസിനാണ് എന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

"കർണാടകയുടെ തലസ്ഥാന നഗരിയിൽ മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ്. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടത്. കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്.

ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുൻകൈയെടുക്കേണ്ട ഭരണാധികാരികൾ തന്നെ ഇങ്ങനെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുക?". 

Full View

അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) പുലർച്ചെ യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും 300ലേറെ ചേരി വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ഖരമാലിന്യ സംസ്കരണത്തിനുള്ള ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എൽ) ഉദ്യോഗസ്ഥരും പൊലീസും മാർഷലുകളും ചേർന്ന് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് വീടുകൾ പൊളിച്ചുമാറ്റുകയായിരുന്നു. ഈ നടപടി സംഘർഷഭരിതമായ സാഹചര്യത്തിലേക്ക് നയിച്ചു.

3000ത്തോളം ആളുകൾ ഭവനരഹിതരായി. സംഭവത്തെ അപലപിച്ച് മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. അധികാരികൾ നോട്ടീസ് നൽകാതെയാണ് ഇടിച്ചുനിരത്തൽ നടത്തിയതെന്ന് ദുഡിയുവ ജനറ വേദികെ നേതാവ് മനോഹർ എലവർത്തി പറഞ്ഞു. പുലർച്ച നാലരയോടെ തുടങ്ങിയ ഇടിച്ചുനിരത്തൽ രാവിലെ ഒമ്പത് മണിയോടെ പൂർത്തിയായിരുന്നു. തുടർന്ന് ചേരി വീടുകൾ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് നീക്കംചെയ്യാൻ തുടങ്ങി. വൈകീട്ട് അഞ്ചോടെ മുഴുവൻ പ്രദേശവും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ അഞ്ച് ട്രാക്ടറുകളും ഒമ്പത് മണ്ണുമാന്തിയന്ത്രങ്ങളും ഉപയോഗിച്ചു.

70 ജി.ബി.എ മാർഷൽമാരെയും 200 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ഭിക്ഷ തേടിയും ദർഗകൾക്ക് സമീപം പാടിയും അന്നന്നത്തെ അന്നം കണ്ടെത്തി വൈകീട്ടോടെ അവരവരുടെ ഷെഡുകളിലേക്ക് മടങ്ങുന്നവർ ഇപ്പോൾ തെരുവാധാരമായി.

Tags:    
News Summary - Bulldozer Raj in Karnataka; Chief Minister Pinarayi Vijayan criticizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.