തിരുവനന്തപുരം: കേരളത്തിലെ ഐ.ടി ഗവേഷണ-വികസന പദ്ധതികൾക്ക് പുതുവേഗം പകർന്ന് കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ഒമ്പത് നിലകളിലായി 2.17 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടസമുച്ചയം വ്യവസായമന്ത്രി പി. രാജീവ് ടാറ്റ എലക്സിക്ക് കൈമാറി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വ്യവസായവകുപ്പിന് കീഴിൽ ഒപ്പുവെച്ച ആദ്യ ധാരണപത്രമാണ് ഇതിലൂടെ യാഥാർഥ്യമായത്.
ധാരണപത്രം ഒപ്പുവെച്ച് 10 മാസം കൊണ്ട് ലോകത്തിലെതന്നെ പ്രമുഖ ഡിസൈൻ, ടെക്നോളജി, സേവനദാതാക്കളായ ടാറ്റ എലക്സി ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാം ഒരുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച കിൻഫ്രയുടെ മുഴുവൻ സംഘാഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ടാറ്റ എലക്സിയുടെ പുതിയ സംരംഭം.
75 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയിലൂടെ 2500 പേർക്ക് നേരിട്ടും 1500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 6000 തൊഴിലവസരങ്ങൾ ടാറ്റ എലക്സി വിപുലീകരണത്തിലൂടെ സൃഷ്ടിക്കപ്പെടും. ഐ.ടി, ഐ.ടി അധിഷ്ഠിത സ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിപ്പിക്കാൻ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൽകുന്ന കെട്ടിടം 'ഗ്രീൻ ബിൽഡിങ്' എന്ന നൂതനാശയം അടിസ്ഥാനപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.