ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) നിര്യാതനായി. ദീർഘകാലമായി ചികിത്സയിലായിരുന്നു. തെക്കൻ കൊൽക്കത്തയിലെ വസതിയിൽ വ്യാഴാഴ്ച രാവിലെ 8.20നാണ് അന്ത്യം. ബാലിഗഞ്ചിലെ രണ്ട് മുറികളുള്ള ചെറിയ സർക്കാർ അപ്പാർട്മെന്റിലായിരുന്നു താമസം.

ശ്വാസകോശത്തെ ബാധിക്കുന്ന ‘ക്രോണിക് ഒബ്‌സ്ട്രക്ടിവ് പൾമണറി ഡിസീസും’ വാർധക്യസഹജമായ മറ്റ് പ്രയാസങ്ങളും കാരണം കുറച്ചുകാലമായി പൊതുപ്രവർത്തന രംഗത്തുനിന്ന് വിട്ടുനിൽക്കുകയാണ്. ഭാര്യ: മീര. മകൻ: സുചേതൻ (പഴയ പേര് സുചേതന).

വെള്ളിയാഴ്ച ആലിമുദ്ദീൻ സ്ട്രീറ്റിലെ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ കോളജിന് പഠനാവശ്യങ്ങൾക്കായി വിട്ടുനൽകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു.

ജ്യോതിബസു അധികാരമൊഴിഞ്ഞതിനുപിന്നാലെ പശ്ചിമ ബംഗാൾ മൂന്നുതവണ ഭരിച്ച കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ അവസാന ഭരണകാലത്താണ് സംസ്ഥാനത്ത് സി.പി.എമ്മിന് വൻ തിരിച്ചടിയുണ്ടാകുന്നത്. 2000 മുതൽ 2011 വരെയാണ് മുഖ്യമന്ത്രിയായത്. വംഗനാട്ടിലെ 34 വർഷം നീണ്ട കമ്യൂണിസ്റ്റ് ഭരണം തൃണമൂൽ കോൺഗ്രസ് പിടിച്ചെടുക്കുന്നത് ബുദ്ധദേവിൽ നിന്നാണ്.

സംസ്ഥാനത്തെ വ്യവസായവത്കരിക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതികൾ വൻ പ്രതിഷേധങ്ങൾക്കും ഏറ്റുമുട്ടലിനും കാരണമായി. സിംഗൂർ, നന്ദിഗ്രാം തുടങ്ങിയ സ്ഥലങ്ങളിലെ കർഷക പ്രക്ഷോഭങ്ങളും പൊലീസ് അതിക്രമവും വംഗരാഷ്ട്രീയത്തിന്റെ ചുവപ്പുനിറം മായുന്നതിനും അധികാര നഷ്ടത്തിനും വഴിയൊരുക്കി. 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ 16,684 വോട്ടുകൾക്ക് സ്ഥിരം തട്ടകമായ ജാദവ്പൂരിൽ ബുദ്ധദേവ് പരാജയപ്പെടുകയും ചെയ്തു.

1944 മാര്‍ച്ച്‌ ഒന്നിന് കല്‍ക്കട്ടയിലാണ് ജനനം. പ്രസിഡന്‍സി കോളജില്‍ നിന്നും ബിരുദം നേടി. 1966ല്‍ സി.പി.എം അംഗമായി. 1968ല്‍ സി.പി.എം അനുകൂല ഇടതുപക്ഷ യുവജന സംഘടനയുടെ പശ്ചിമബംഗാള്‍ സെക്രട്ടറിയായി. 1971ല്‍ സി.പി.എം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗം. ’82ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിൽ. ’85ല്‍ കേന്ദ്ര കമ്മിറ്റിയിലും 2000ല്‍ പോളിറ്റ്‌ ബ്യൂറോവിലും എത്തി. 1977ല്‍ പശ്ചിമ ബംഗാളില്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ്‌ വകുപ്പ്‌ മന്ത്രിയായി.

1987ല്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് കള്‍ചറല്‍ കാര്യ മന്ത്രി. 1996ല്‍ സംസ്ഥാന ആഭ്യന്തര മന്ത്രി. 1999ല്‍ ഉപമുഖ്യമന്ത്രിയായ ഭട്ടാചാര്യ, 2000ത്തില്‍ ആരോഗ്യകാരണങ്ങളാൽ ജ്യോതിബസു ഒഴിഞ്ഞതിനെ തുടർന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി. രാഷ്ട്രീയംപോലതന്നെ സാഹിത്യ മേഖലയിലും താൽപര്യം പുലർത്തുകയും നിരവധി പുസ്തകങ്ങൾ എഴുതുകയും ചെയ്തു. കവിതയും നാടകവും വിവർത്തനവും ഇഷ്ടമേഖലകളായിരുന്നു.

ഒന്നിലധികം തവണ ബുദ്ധദേവിനുനേരെ വധശ്രമമുണ്ടായിരുന്നു. വ്യവസായ വത്കരണ നയങ്ങൾക്കും സാമ്പത്തിക പുരോഗതിക്കും വേണ്ടി ഉറച്ച നിലപാടെടുക്കുമ്പോഴും സാധാരണക്കാരനായി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ച നേതാവാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു. പൂർണ സംസ്ഥാന ബഹുമതികളോടെയാകും ബുദ്ധദേവിന്റെ അന്തിമയാത്രയെന്ന് മമത പറഞ്ഞു.

Tags:    
News Summary - Buddhadeb Bhattacharjee passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.