കൊച്ചി: ഹൈകോടതി ജഡ്ജിമാർക്കെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ അഭിഭാഷകനും ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റുമായ സൈബി ജോസിനെ പൊലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെ കമീഷണർ ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് ഇത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റുകയായിരുന്നു. വിജിലൻസ് രജിസ്ട്രാർ മുമ്പാകെ നൽകിയ മൊഴി പൊലീസിന് മുന്നിലും ഇയാൾ ആവർത്തിച്ചെന്നാണ് വിവരം. അഭിഭാഷക ഫീസാണ് വാങ്ങിയതെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണിയാൾ. പണം നൽകിയ കക്ഷികളിൽ ഒരാളായ സിനിമ നിർമാതാവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സാക്ഷികളുടെ മൊഴി കൂടി ചേർത്ത് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകാനാണ് സിറ്റി പൊലീസ് കമീഷണറുടെ തീരുമാനം.
ഹൈകോടതി ജഡ്‌ജിമാർക്ക് നൽകാനെന്ന പേരിൽ സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽനിന്ന് വൻ തുക പലപ്പോഴായി കൈപ്പറ്റിയതായാണ് അന്വേഷണ റിപ്പോർട്ട്. ജസ്റ്റിസ് കുഞ്ഞികൃഷ്‌ണനു നൽകാനെന്ന പേരിൽ 25 ലക്ഷവും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്‍റെ പേരിൽ രണ്ടു ലക്ഷവും ജസ്റ്റിസ് സിയാദ് റഹ്മാനെന്ന് പറഞ്ഞ് 50 ലക്ഷവും വാങ്ങിയതായി ഹൈകോടതിയിലെ നാല് അഭിഭാഷകർ മൊഴി നൽകിയെന്ന് ഹൈകോടതി വിജിലൻസ് രജിസ്ട്രാർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പീഡനക്കേസിൽ ഉൾപ്പെട്ട സിനിമ നിർമാതാവിൽനിന്ന് ജഡ്ജിക്ക് നൽകാനെന്ന പേരിൽ സൈബി പണം വാങ്ങിയെന്ന് മൊഴിയുണ്ട്. ഇക്കാര്യം പുറത്തു പറഞ്ഞതിന് സൈബിയും കൂട്ടുകാരും കോടതി പരിസരത്തുവെച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും ഇദ്ദേഹം ആരോപിച്ചിരുന്നു. വിവരം ജസ്റ്റിസ് കുഞ്ഞികൃഷ്‌ണനെയും വിജിലൻസ് രജിസ്ട്രാറെയും അറിയിച്ചതിന് ഭീഷണിപ്പെടുത്തിയതായി മറ്റൊരു അഭിഭാഷകനും മൊഴി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.