തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിക്ക് അനുവദിച്ച തുക മാറിനൽകുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സറ്റൻഷൻ ഓഫിസറെ വിജിലൻസ് പിടികൂടി. നെയ്യാറ്റിൻകര കാരോട് സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങിയ കാരോട് ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സറ്റൻഷൻ ഓഫിസർ ടി.എസ് സന്ദീപാണ് വിജിലൻസിന്‍റെ പിടിയിലായത്. കൊല്ലം അയത്തിൽ സ്വദേശിയായ സന്ദീപ് 4000 രൂപയാണ് പലതവണയായി കൈക്കൂലി വാങ്ങിയത്.
പരാതിക്കാരൻ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് വെക്കുന്നതിന് കാരോട് ഗ്രാമപഞ്ചായത്തിൽ 2024 ൽ ഒരു അപേക്ഷ നൽകിയിരുന്നു. വീടിന് അനുമതിയായതിനെ തുടർന്ന് നാല് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പദ്ധതി പ്രകാരമുള്ള ആദ്യ ഗഡുവായ 40,000 രൂപ അനുവദിച്ചപ്പോൾ ടി.എസ് സന്ദീപ് പരാതിക്കാരന്റെ വീടും സ്ഥലവും സന്ദർശിക്കുകയും തുടർന്ന് ഓഫിസിലെത്തിയ പരാതിക്കാരനിൽനിന്നും 500 രൂപ വാങ്ങുകയുമായിരുന്നു.
രണ്ടാം ഗഡുവായ ഒരു ലക്ഷം മാറിനൽകിയ സമയത്തും സന്ദീപ് വീണ്ടും 1,000 രൂപയും കൂടി പരാതിക്കാരനിൽ നിന്നും നിർബന്ധിച്ച് വാങ്ങി. 3-ാം ഗഡുവായ രണ്ട് ലക്ഷം അനുവദിച്ചപ്പോൾ പരാതിക്കാരൻ ഓഫിസിലെത്തി വില്ലേജ് എക്സറ്റൻഷൻ ഓഫിസറായ സന്ദീപിനെ നേരിൽ കാണുകയും സന്ദീപ് വീട് പണി വന്ന് നോക്കി പോകുകയും ചെയ്തു. എന്നാൽ, പണം മാറികിട്ടാൻ വീണ്ടും കാലതാമസമുണ്ടായി. തുടർന്ന് പരാതിക്കാരൻ പഞ്ചായത്ത് ഓഫിസിലെത്തി വിവരം തിരക്കിയപ്പോൾ 2,500 രൂപ കൂടി തന്നാൽ മാത്രമെ തുക പാസ്സാക്കി നൽകുകയുള്ളുവെന്ന് പറഞ്ഞ് തിരികെ അയക്കുകയായിരുന്നു.
കൈക്കൂലി നൽകി കാര്യം സാധിക്കാൻ താൽപര്യമില്ലാതിരുന്ന പരാതിക്കാരൻ വിവരം തിരുവനന്തപുരം വിജിലൻസ് യൂണിറ്റിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് വൈകീട്ട് നാലിന് കാരോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറുടെ ഓഫിസ് പരിസരത്ത് വെച്ച് പരാതിക്കാരനിൽനിന്നും 2500 രൂപ വാങ്ങവേയാണ് സന്ദീപിനെ വിജിലൻസ് കൈയോടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.