പാലക്കാട്: എലപ്പുള്ളി ബ്രൂവറി സംബന്ധിച്ച നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. മുഖ്യമന്ത്രി നടത്തിയ പ്രസംഗം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രേവതി ബാബു മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത് അസംബന്ധമാണ്. മഴവെള്ളം കൊണ്ട് മാത്രം കമ്പനിക്ക് പ്രവർത്തിക്കാനാകില്ല. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ആവശ്യം. ബ്രൂവറി പ്രവർത്തിച്ച് തുടങ്ങി വെള്ളം കിട്ടാതെ വരുമ്പോൾ കുഴൽകിണർ കുഴിച്ച് ഭൂഗർഭ ജലം ഊറ്റിയെടുക്കും.
നമുക്ക് ഇക്കാര്യത്തിൽ മുൻ അനുഭവങ്ങളുണ്ടല്ലോ എന്നും രേവതി ബാബു പറഞ്ഞു. ഗ്രാമപഞ്ചായത്ത് അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്ക് പഞ്ചായത്തിലെ 55,000 വരുന്ന ജനങ്ങളോടുളള വെല്ലുവിളിയാണെന്നും രേവതി ബാബു ചൂണ്ടിക്കാട്ടി.
പാലക്കാട് ബ്രൂവറി ആരംഭിക്കാൻ അനുമതി നൽകിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയത്. മദ്യനയത്തിൽ സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങൾ തന്നെയാണ് നടപ്പാക്കുന്നത്. 1000 കോടി നിക്ഷേപമാണ് പദ്ധതിയിലൂടെ ലഭിക്കുക. പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ 650 പേർക്ക് നേരിട്ടും 2000 പേർക്ക് പരോക്ഷമായും തൊഴിൽ ഉറപ്പാക്കാനാകും.
ഈസ് ഓഫ് ഡൂയിങ് ബിസിനസ് സിംഗിൾ വിൻഡോ സിസ്റ്റം വഴിയാകും പദ്ധതിക്ക് അംഗീകാരം നൽകുക. ഈ ബോർഡിൽ പഞ്ചായത്ത് പ്രതിനിധിയും അംഗമാണ്. കുടിവെള്ളവും ജലസേചനവും ഉറപ്പാക്കി, സിറോ ഡിസ്ചാർജ് യൂനിറ്റാണ് സ്ഥാപിക്കുന്നത്. മാലിന്യം പുറന്തള്ളുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കും. പ്ലാന്റ് സജ്ജമായാൽ പരിസ്ഥിതി അനുമതി വാങ്ങിയ ശേഷമേ പ്രവർത്തനം ആരംഭിക്കൂ.
ദക്ഷിണേന്ത്യയിലെ ആദ്യ മൾട്ടി ഫീഡ് ഡിസ്റ്റലറി പ്രോജക്ടാണ് പാലക്കാട്ടേത്. വിവിധ കാർഷികോൽപന്നങ്ങൾ ഉപയോഗിച്ച് സ്പിരിറ്റ് നിർമിക്കുന്നതാണ് പദ്ധതി. ഉപയോഗശൂന്യമായ അരി, വെജിറ്റബിൾ വേസ്റ്റ്, മരച്ചീനി, ഗോതമ്പ്, സ്വീറ്റ് പൊട്ടറ്റോ, ചോളം എന്നിവയാണ് അസംസ്കൃതവസ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യ നിർമാണ കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജറെ പോലെയാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് സംസാരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആരോപിച്ചത്. കുപ്രസിദ്ധമായ കമ്പനിയുടെ മാത്രം അപേക്ഷ വാങ്ങി, കുടിക്കാന്‍ വെള്ളമില്ലാത്ത പാലക്കാട്ട് മദ്യ നിർമാണകേന്ദ്രത്തിന് അനുമതി നല്‍കുകയായിരുന്നു.
മദ്യനിര്‍മാണ ശാല തുടങ്ങാൻ ഒരു കമ്പനിമാത്രം അപേക്ഷ നല്‍കിയെന്നാണ് എക്സൈസ് മന്ത്രി പറഞ്ഞത്. ബ്രൂവറി പ്ലാന്റും എഥനോള്‍ പ്ലാന്റും ബോട്ടിലിങ് പ്ലാന്റും എല്ലാം ഒറ്റ കമ്പനിക്കാണ് കൊടുത്തത്. അതും ആരും അറിയാതെ. കേരളത്തിലെ ഒരു ഡിസ്റ്റിലറിപോലും അറിഞ്ഞില്ല. അനുമതി നല്‍കുന്നകാര്യം മധ്യപ്രദേശിലെ ഒയാസിസ് കമ്പനി മാത്രമേ അറിഞ്ഞുള്ളൂ.
രണ്ടുവര്‍ഷം മുമ്പ് കോളജ് തുടങ്ങാനെന്ന പേരില്‍ ഈ കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങുകയും ചെയ്തു. ആരും അറിയാതെ മധ്യപ്രദേശ് കമ്പനി മാത്രം എങ്ങനെയാണ് മദ്യനിര്‍മാണ ശാലക്ക് അനുമതി നല്കുന്ന വിവരം അറിഞ്ഞതെന്നും സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.