ബ്രൂവറി, ഡിസ്റ്റിലറി അനുമതി; വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ

കൊച്ചി: കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് പുതിയ ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അനുമതി നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.

രേഖകൾ ഹാജരാക്കാൻ നികുതി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നൽകിയ അപേക്ഷ അനുവദിച്ച കോടതി നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്‍റെ ഇടക്കാല ഉത്തരവ്. ആഗസ്റ്റ് ഒന്നുവരെയാണ് സ്റ്റേ. സാക്ഷിമൊഴി രേഖപ്പെടുത്താൻ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, വി.എസ്. സുനിൽകുമാർ എന്നിവരോട് ഹാജരാകാനും നിർദേശിച്ചിരുന്നു. അടുത്തയാഴ്ച വിജിലൻസ് കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് സ്റ്റേ ഉത്തരവ്.

പാലക്കാട് അപ്പോളോ ഡിസ്റ്റിലറീസ്, കൊച്ചി കിൻഫ്ര പാർക്കിലെ പവർ ഇൻഫ്രാടെക് ബ്രൂവറി, കണ്ണൂരിലെ ശ്രീധരൻ ബ്രൂവറീസ് തുടങ്ങിയവക്കാണ് അനുമതി നൽകിയത്. ഇത് വിവാദമായതോടെ തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറി. എങ്കിലും അനുമതി ക്രമവിരുദ്ധമാണെന്നും ഇതിൽ അന്വേഷണം ആവശ്യപ്പെട്ടുമാണ് ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചത്. കേസിലെ സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്ന ഘട്ടമായതിനാൽ ഫയൽ വിളിച്ചുവരുത്തണമെന്ന അദ്ദേഹത്തിന്‍റെ ആവശ്യം വിജിലൻസ് കോടതി അനുവദിച്ചു.

ഇത്തരമൊരു സ്വകാര്യ അന്യായത്തിന്മേൽ വിജിലൻസ് കോടതിക്ക് കേസെടുക്കാനാവില്ലെന്നായിരുന്നു ഹൈകോടതിയിൽ സർക്കാറിന്‍റെ വാദം. മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്‌ണൻ എന്നിവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി ചെന്നിത്തല നൽകിയ അപേക്ഷ ഗവർണർ നിരസിച്ചിരുന്നു. ഇത് കോടതിയിൽ ചോദ്യം ചെയ്യാതെയാണ് അദ്ദേഹം വിജിലൻസ് കോടതിയെ സമീപിച്ചതെന്നും ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് നേരത്തേ തള്ളിയതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Brewery and distillery permit; Vigilance court order stayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.